സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെതിരെ കോൺഗ്രസ് നേതാവ് കെ. സുധാകരൻ നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി

സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെതിരെ കോൺഗ്രസ് നേതാവ് കെ. സുധാകരൻ നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി

  • കീഴ്ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് കെ. സുധാകരന്റെ അഭിഭാഷകൻ

കൊച്ചി : സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെതിരെ കോൺഗ്രസ് നേതാവ് കെ. സുധാകരൻ നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. കേസിൽ തെളിവ് നൽകാനായി കെ. സുധാകരൻ തുടർച്ചയായി നേരിട്ട് ഹാജരാകാതിരുന്നതിനെ തുടർന്നാണ് ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ഹർജി തള്ളിയത്. അതേസമയം കീഴ്ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് കെ. സുധാകരൻ എം. വി. ഗോവിന്ദനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നത്.മോൻസൺ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് അവിടെ കെ. സുധാകരൻ ഉണ്ടായിരുന്നുവെന്ന വാർത്തകളുണ്ടെന്നായിരുന്നു എം. വി. ഗോവിന്ദന്റെ പരസ്യ പ്രതികരണം. മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിലെ കൂട്ടുപ്രതിയാണ് കെ. സുധാകരൻ എന്ന രീതിയിലായിരുന്നു എം. വി. ഗോവിന്ദന്റെ ആരോപണങ്ങൾ.

താൻ പീഡിപ്പിക്കപ്പെടുമ്പോൾ കെ. സുധാകരൻ അവിടെ ഉണ്ടായിരുന്നതായി പോക്സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും, പീഡനവിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നാണ് അതിജീവിതയുടെ മൊഴിയെന്നും എം. വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഈ പരാമർശങ്ങൾ തന്റെ രാഷ്ട്രീയ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെ. സുധാകരൻ കോടതിയെ സമീപിച്ചത്. എന്നാൽ പരാതിക്കാരൻ എന്ന നിലയിൽ കേസിന്റെ നടപടികളുമായി നേരിട്ട് സഹകരിക്കാതിരുന്നതാണ് ഇപ്പോൾ സുധാകരന് തിരിച്ചടിയായിരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )