
സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ വൻ സംഘർഷത്തിൽ ഒരു കുട്ടിക്ക് കുത്തേറ്റു
- ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇജാസ് എന്ന വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം :തലസ്ഥാനത്തെ കാട്ടാക്കടയിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ വൻ സംഘർഷത്തിൽ ഒരു കുട്ടിയുടെ വയറ്റിൽ കുത്തേറ്റു. രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിലാണ് പരസ്പരം ഏറ്റുമുട്ടിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇജാസ് എന്ന വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തദ്ദേശീയമായ സ്കൂളിലെ കുട്ടികളും പുറത്തുനിന്നെത്തിയ ഒരു സംഘം വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ ഇജാസ് പുറത്തുനിന്നെത്തിയ സംഘത്തിൽപ്പെട്ടയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂർച്ചയേറിയ മറ്റോ വസ്തു ഉപയോഗിച്ചാണ് ഇജാസിനു നേരെ ആക്രമണം ഉണ്ടായത്.

വൈകുന്നേരത്തോടെയുണ്ടായ സംഘർഷത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ദൃക്സാക്ഷികളായ മറ്റ് വിദ്യാർത്ഥികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു
