
സ്ത്രീ – ആയുധ ങ്ങളില്ലാത്ത പോരാളി
റഹിയാന ബീഗം ✍️
സ്ത്രീ ജനിപ്പിക്കാൻ രക്തം ചിന്തുമ്പോൾ… പുരുഷൻ നശിപ്പിക്കാൻ രക്തം ചീറ്റുന്നു… എത്ര വിരോധാഭാസം അല്ലേ?ലോകചരിത്രം നോക്കിയാൽ അത് പലപ്പോഴും യുദ്ധങ്ങളുടെ ചരിത്രമായി തോന്നും. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ, അധികാരത്തിനായുള്ള മത്സരങ്ങൾ, അതിർത്തികൾക്കായുള്ള പോരാട്ടങ്ങൾ, ഇവയൊക്കെയാണ് ലോകചരിത്രത്തിന്റെ വലിയൊരു ഭാഗവും നിറയ്ക്കുന്നത്. ഒരു യുദ്ധം ആരംഭിക്കുമ്പോൾ അതിന്റെ ആദ്യ ശബ്ദം ആയുധങ്ങളുടെ ഘോഷമാണ്. തോക്കുകളും ബോംബുകളും മിസൈലുകളും മനുഷ്യനെ മനുഷ്യനോട് ഏറ്റുമുട്ടിക്കുന്ന ഒരു ഭീകര നാടകത്തിന് തുടക്കമിടുന്നു.യുദ്ധഭൂമികളിൽ നിൽക്കുന്നത് കൂടുതലായും പുരുഷന്മാരാണ്.(ഝാൻസിയിലെ റാണി ലക്ഷ്മി ഭായിയും കര്ണാടകയിലെ കിട്ടുരിലെ റാണിയായിരുന്ന ചെന്നമ്മയും,തുളുനാടിന്റെ റാണി അബ്ബക്കയും, വനിതകളിൽ ചില ദൃഷ്ടാന്തങ്ങൾ മാത്രം) അവരുടെ കൈകളിൽ ആയുധങ്ങളുണ്ട്; അവരുടെ ലക്ഷ്യം ശത്രുവിനെ കീഴടക്കലാണ്.സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കും അതിന്റെ അസ്തിത്വത്തിനുമായി അവർ പോരാടുന്നു. ചിലപ്പോൾ ജീവൻ പോലും പണയം വെച്ച് അവർ മുന്നോട്ട് നീങ്ങുന്നു. രാജ്യസ്നേഹത്തിന്റെ പേരിൽ അവർ മരണത്തെ നേരിടുന്നു; അപരൻ്റെ ജീവൻ എടുക്കുന്നു എന്നാൽ ലോകത്തിന്റെ മറ്റൊരു കോണിൽ അതിനേക്കാൾ ആഴമുള്ള ഒരു യുദ്ധം നടക്കുന്നു. അത് ആയുധങ്ങളില്ലാത്ത യുദ്ധമാണ്.അതിൽ തോക്കുകളില്ല, ബോംബുകളില്ല.എന്നാൽ രക്തവും,വേദനയും, സഹനമുണ്ട്; അതിരില്ലാത്ത ധൈര്യവുമുണ്ട്.ആ യുദ്ധത്തിന്റെ യോദ്ധാവ് സ്ത്രീയാണ്,ഒരു അമ്മ.ഒരു സ്ത്രീ ഗർഭിണിയാകുന്ന നിമിഷം മുതൽ അവൾ ഒരു ദീർഘമായ പോരാട്ടത്തിലേക്ക് കടക്കുന്നു.അതും ഒരു യുദ്ധം തന്നെയാണ്,ജീവിതത്തെ സൃഷ്ടിക്കാനുള്ള യുദ്ധം. ഒരു ചെറിയ ഭ്രൂണം അവളുടെ ഗർഭത്തിൽ രൂപംകൊള്ളുന്ന നിമിഷം മുതൽ അവൾ തന്റെ ശരീരവും മനസ്സും മുഴുവൻ ആ പുതിയ ജീവന്റെ വളർച്ചയ്ക്കായി സമർപ്പിക്കുന്നു.സാധാരണയായി നമ്മൾ പറയാറുണ്ട്: “ഒൻപത് മാസം ഒൻപത് ദിവസം ഗർഭം ധരിച്ചു.” എന്നാൽ ഈ വാക്കുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്നത് ഒരു മഹത്തായ പോരാട്ടത്തിന്റെ കഥയാണ്.ഓരോ ദിവസവും,ഓരോ നിമിഷവും,ഒരു അമ്മ തന്റെ ഉള്ളിൽ വളരുന്ന ജീവനെ സംരക്ഷിക്കാൻ നടത്തുന്ന ഒരു നിശബ്ദ യുദ്ധം തന്നെയാണ് ഗർഭാവസ്ഥ.ആദ്യ മാസങ്ങളിൽ തന്നെ അവളുടെ ശരീരത്തിൽ മാറ്റങ്ങൾ ആരംഭിക്കുന്നു. ക്ഷീണം,ഛർദ്ദി, അസ്വസ്ഥത,ഇവയൊക്കെ അവളെ അലട്ടുന്നു. എന്നാൽ അവൾ അതെല്ലാം സഹിക്കുന്നു. കാരണം അവളുടെ ഉള്ളിൽ ഒരു ജീവൻ വളരുകയാണ് എന്ന ബോധം അവൾക്ക് ശക്തി നൽകുന്നു.മാസങ്ങൾ കടന്നുപോകുമ്പോൾ അവളുടെ ശരീരം മാറിത്തുടങ്ങുന്നു. അവളുടെ ചുവടുകൾ മന്ദഗതിയിലാകുന്നു. ഉറക്കം കുറയുന്നു. ശരീരഭാരം കൂടുന്നു. പലപ്പോഴും വേദനയും അസ്വസ്ഥതയും അവളെ അലട്ടുന്നു.എന്നാൽ അവൾ പിറകോട്ടു പോകുന്നില്ല.ഇത് ഒരു യുദ്ധം തന്നെയാണ്,ഒരു അമ്മയുടെ നീണ്ട യുദ്ധം.പുറത്തെ യുദ്ധങ്ങളിൽ സൈനികർ ശത്രുവിനെ നേരിടുന്നു.എന്നാൽ ഗർഭാവസ്ഥയിലെ യുദ്ധത്തിൽ ഒരു അമ്മ നേരിടുന്നത് സ്വന്തം ശരീരത്തിന്റെ വെല്ലുവിളികളെയാണ്. അവളുടെ ശരീരം ഒരു പുതിയ ജീവനെ സൃഷ്ടിക്കാൻ വേണ്ടി ദിവസേന മാറ്റങ്ങളിലൂടെ കടന്നുപോകുന്നു.ആ യുദ്ധത്തിൽ അവളുടെ ആയുധം സഹനമാണ്.അവളുടെ ശക്തി സ്നേഹമാണ്.ഈ കാലത്തിനിടക്ക് അമ്മയുടെ ജീവിതം മുഴുവനായി മാറുന്നു. അവൾ ഇനി ഒരാളല്ല; അവളുടെ ഉള്ളിൽ മറ്റൊരാളുടെ ജീവൻ വളരുകയാണ്.ആ കുഞ്ഞ് അവളുടെ ഹൃദയമിടിപ്പിനൊപ്പം വളരുന്നു.അവളുടെ ശ്വാസത്തോടൊപ്പം ജീവിക്കുന്നു.അവളുടെ ഭക്ഷണമാണ് കുഞ്ഞിന്റെ വളർച്ച.ഇത് ഒരു അതുല്യമായ ബന്ധമാണ്.ലോകത്തിലെ മറ്റെവിടെയും ഇതുപോലൊരു ബന്ധം ഇല്ല.യുദ്ധഭൂമിയിൽ സൈനികർ ദിവസങ്ങളോളം പോരാടുന്നു.എന്നാൽ ഗർഭാവസ്ഥയിൽ ഒരു അമ്മ ദിവസവും,രാവും പകലും,വിശ്രമമില്ലാതെ യുദ്ധത്തിലാണ്.അവൾക്കു അവധി ഇല്ല. അവൾക്ക് വിശ്രമമില്ല.എങ്കിലും അവൾ അതിനെ യുദ്ധമായി കാണുന്നില്ല;അത് സ്നേഹത്തിന്റെ കടമയായി അവൾ ഏറ്റെടുക്കുന്നു.ഗർഭാവസ്ഥയുടെ അവസാന ഘട്ടം ഏറ്റവും പ്രയാസകരമാണ്.ശരീരം മുഴുവനും വേദനയോടെ അവൾ ദിവസങ്ങൾ കഴിക്കുന്നു.എന്നാൽ അവൾക്ക് അറിയാം,ഈ പോരാട്ടത്തിന്റെ അവസാനത്തിൽ ഒരു പുതുജീവൻ ലോകത്തെ കാണാൻ പോകുന്നുവെന്ന്.അവസാനം പ്രസവവേദന തുടങ്ങുന്നു.അത് ഒരു യുദ്ധത്തിന്റെ ക്ലൈമാക്സ് പോലെയാണ്. വേദനയുടെ തരംഗങ്ങൾ അവളെ കീഴടക്കാൻ ശ്രമിക്കുന്നു.ഓരോ നിമിഷവും അവൾ തന്റെ ശക്തിയെ പരീക്ഷിക്കപ്പെടുന്നു.എന്നാൽ അവൾ കീഴടങ്ങുന്നില്ല.ആ വേദനയുടെ പരകോടിയിൽ ഒരു കുഞ്ഞിന്റെ ആദ്യ കരച്ചിൽ കേൾക്കുമ്പോൾ അവളുടെ യുദ്ധം വിജയത്തിലേക്ക് വഴി മാറുന്നു.അവിടെ ഒരു നവജീവൻ ലോകത്തെ കാണുന്നു.ആ നിമിഷത്തിൽ അമ്മ യോദ്ധാവിൽ നിന്ന് സൃഷ്ടാവായി മാറുന്നു.പുരുഷന്മാർ യുദ്ധങ്ങളിൽ ചിലപ്പോൾ ചരിത്രം മാറ്റുന്നു.എന്നാൽ സ്ത്രീകൾ മാതൃത്വത്തിലൂടെ മനുഷ്യരാശിയെ തന്നെ നിലനിർത്തുന്നു.ഒരു യുദ്ധം അവസാനിക്കുമ്പോൾ അതിന്റെ പിന്നിൽ അവശേഷിക്കുന്നത് പലപ്പോഴും നാശമാണ്. തകർന്ന വീടുകൾ, തകർന്ന ജീവിതങ്ങൾ, നഷ്ടപ്പെട്ട മനുഷ്യർ.എന്നാൽ ഒരു അമ്മയുടെ യുദ്ധം അവസാനിക്കുമ്പോൾ അവളുടെ കൈകളിൽ ഒരു കുഞ്ഞുണ്ട്,അത് ജീവിതത്തിന്റെ തുടർച്ചയാണ്.ലോകം യുദ്ധങ്ങളുടെ ശബ്ദത്തിൽ നിറഞ്ഞിരിക്കുമ്പോഴും ഓരോ ദിവസവും എവിടെയെങ്കിലും ഓരോ കുഞ്ഞുങ്ങൾ ജനിക്കുന്നു. ഓരോ ജനനവും മനുഷ്യരാശിയുടെ പുതിയ തുടക്കമാണ്.അതുകൊണ്ടുതന്നെ മാതൃത്വം ഒരു മഹത്തായ സൃഷ്ടിപ്രവർത്തനമായി കാണപ്പെടുന്നു.ഒരു അമ്മ തന്റെ ഗർഭത്തിൽ വളർത്തുന്ന കുഞ്ഞ് ഭാവിയിൽ എന്താകുമെന്ന് അവൾക്ക് അറിയില്ല.അവൻ ഒരു കവിയാകാം, ഒരു ശാസ്ത്രജ്ഞനാകാം,ഒരു ഡോക്ടറാകാം,ഒരു അധ്യാപകനാകാം.എന്നാൽ ആദ്യം അവൻ ഒരു മനുഷ്യനാണ്.അവനെ മനുഷ്യനാക്കുന്ന ആദ്യ പാഠം അമ്മയുടെ കൈകളിലാണ് ആരംഭി ക്കുന്നത് .അമ്മയുടെ താലോലിക്കൽ, അവളുടെ സ്നേഹം, അവളുടെ സഹനം,ഇവയൊക്കെയാണ് ഒരു കുഞ്ഞിന്റെ വ്യക്തിത്വത്തിന്റെ ആദ്യ അടിത്തറ.അതുകൊണ്ടാണ് സ്ത്രീയെ സൃഷ്ടിയുടെ പ്രതീകമായി കാണാനാകുന്നത്.പുരുഷന്മാർ പലപ്പോഴും യുദ്ധങ്ങളിലൂടെ ലോകത്തെ മാറ്റാൻ ശ്രമിക്കുന്നു.എന്നാൽ സ്ത്രീകൾ ജീവനെ സൃഷ്ടിച്ചുകൊണ്ട് ലോകത്തെ നിലനിർത്തുന്നു.ഈ ലോകം ഇന്നും നിലനിൽക്കുന്നത് യുദ്ധങ്ങൾ കൊണ്ടല്ല; അമ്മമാരുടെ സൃഷ്ടിപരമായ ശക്തിയാലാണ്.ഓരോ അമ്മയും ഗർഭാവസ്ഥയിൽ പത്ത് മാസം നീളുന്ന ഒരു യുദ്ധത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ആ യുദ്ധത്തിന്റെ ഫലം നാശമല്ല,ഒരു പുതിയ ജീവിതമാണ്.അവിടെ സൃഷ്ടിക്കു മേൽ സംഹാരം തോറ്റുപോകുന്നു.ഒരു കുഞ്ഞിന്റെ ആദ്യ കരച്ചിലോടെ ലോകം വീണ്ടും പുതുതായി ആരംഭിക്കുന്നു.ഈ തുടക്കത്തിന്റെ പിന്നിൽ ഒരു അമ്മയുടെ നിശബ്ദ യുദ്ധമുണ്ട്.അതുകൊണ്ടാണ് സ്ത്രീയെ പല സംസ്കാരങ്ങളിലും “ജീവന്റെ ഉറവ്” എന്നു വിശേഷിപ്പിക്കുന്നത്.ഇന്ന് ലോകം വീണ്ടും യുദ്ധങ്ങളുടെ നിഴലിലാണ്.രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ,രാഷ്ട്രീയ മത്സരങ്ങൾ, അധികാരലോഭങ്ങൾ,ഇവയൊക്കെ മനുഷ്യരാശിയെ വീണ്ടും വീണ്ടും യുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിടുന്നു .അതിർത്തികളിൽ തോക്കുകൾ മുഴങ്ങുന്നു, മിസൈലുകൾ ആകാശത്തിലൂടെ ചീറിപ്പായുന്നു,നഗരങ്ങൾ പൊടിപടലങ്ങളായി മാറുന്നു.മനുഷ്യൻ മനുഷ്യനെ സംഹരിക്കുന്ന ഈ ക്രൂര നിമിഷങ്ങളിൽ പോലും മറ്റൊരിടത്ത് ഒരു അമ്മ തന്റെ ഗർഭപാത്രത്തിൽ ഒരു പുതിയ ജീവനെ കരുതിക്കൊണ്ടിരിക്കുന്നു. ലോകം നാശത്തിന്റെ വഴിയിലേക്ക് ഓടുമ്പോൾ അവൾ സൃഷ്ടിയുടെ വഴിയിലാണ് നടക്കുന്നത്,മനുഷ്യരാശിയുടെ പുതിയ പ്രതീക്ഷയായി. അതുകൊണ്ടുതന്നെ ചരിത്രം നമ്മോട് പറയുന്ന വലിയ സത്യം യുദ്ധങ്ങൾ ക്ക് ലോകത്തെ കീഴടക്കാൻ സാധിച്ചേക്കാം,പക്ഷേ അമ്മമാരുടെ സൃഷ്ടിപരമായ ശക്തിയാണ് ലോകത്തെ നിലനിർത്തുന്നത്.ലോകം കൂടുതൽ സമാധാനപരമായിരിക്കണമെങ്കിൽ സ്ത്രീയുടെ ഈ സൃഷ്ടിപരമായ ചിന്ത മനുഷ്യസമൂഹത്തിന്റെ കേന്ദ്രത്തിലാകണം.ഇനിയൊരു യുദ്ധം അരുതേ എന്നും,ലോകം സമാധാനം പ്രാപിക്കണമേ എന്നും നമുക്കു പ്രാർത്ഥിക്കാം.
