
സ്ത്രീ സുരക്ഷാ പദ്ധതി പരിശോധിക്കാതെ തുടർ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി
- മുഖ്യമന്ത്രി സഭയിൽ മറുപടി നൽകി.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യഘട്ട സഹായ വിതരണവും നടത്തിയതിലും ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത രീതിയിലും വലിയ അപാകതകളുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം: എൽ ഡി എഫ് സർക്കാർ നടപ്പാക്കിയ സ്ത്രീ സുരക്ഷാ പദ്ധതി സർക്കാർ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. റൂൾ 50 പ്രകാരം എൽ ഡി എഫ് എം എൽ എ എ സി മൊയ്തീനാണ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഗാർഹിക ജോലികളുടെ മൂല്യം തിരിച്ചറിഞ്ഞ് മുൻ സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ പദ്ധതിയാണിതെന്നും 14 ലക്ഷത്തോളം വരുന്ന പാവപ്പെട്ട സ്ത്രീകളുടെ ക്ഷേമ പദ്ധതിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിവേഗത്തിൽ തീരുമാനങ്ങളെടുക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന് പാവപ്പെട്ട സ്ത്രീകളുടെ കാര്യത്തിൽ മാത്രം വേഗതയില്ലാത്തത് എന്തുകൊണ്ടാണെന്ന് പരിഹസിച്ച മൊയ്തീൻ, സർക്കാരിന്റേത് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും കുറ്റപ്പെടുത്തി. എന്നാൽ, തെരഞ്ഞെടുപ്പിന് വെറും ഒരു മാസം മുൻപ് യാതൊരുവിധ തയ്യാറെടുപ്പുകളുമില്ലാതെയാണ് മുൻ സർക്കാർ ഈ പദ്ധതി നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി സഭയിൽ മറുപടി നൽകി.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യഘട്ട സഹായ വിതരണവും നടത്തിയതിലും ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത രീതിയിലും വലിയ അപാകതകളുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പദ്ധതിയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും നിലവിലുള്ള പരാതികൾ കൃത്യമായി പരിശോധിക്കാതെ ഇതിൽ തുടർ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
