
ഹൃദയമേ, ഇന്ന് നിൻ്റെ ദിനം
- യൂസ് ഹാർട്ട് ഫോർ ആക്ഷൻ’ എന്നതാണ് ഈ വർഷത്തെ ഹൃദയാരോഗ്യ ദിനത്തിന്റെ പ്രമേയം
ഇന്ന് സെപ്റ്റംബർ 29, ലോക ഹൃദയ ദിനം. ‘യൂസ് ഹാർട്ട് ഫോർ ആക്ഷൻ’ എന്നതാണ് ഈ വർഷത്തെ ഹൃദയാരോഗ്യ ദിനത്തിന്റെ പ്രമേയം. ഹൃദയ സംബന്ധമായ രോഗങ്ങളെ കുറിച്ചുള്ള അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും രോഗലക്ഷണങ്ങൾ മുൻകൂട്ടി അറിയിക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ചികിത്സ തേടുന്നതിനും ബോധവത്ക്കരിക്കുന്നതിനും ആത്മാർഥമായി പ്രവർത്തിക്കുന്നതിനും എല്ലാവരും സന്നദ്ധരായി ഇറങ്ങുക എന്നതാണ് സന്ദേശംകൊണ്ട് ഉദ്ദേശിക്കുന്നത്. ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ആഗോളതലത്തിൽ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് എല്ലാ വർഷവും ഹൃദയാരോഗ്യ ദിനം ആചരിക്കുന്നത്.

ലോകത്ത് മരണനിരക്കിന്റെ പ്രധാന കാരണമായാണ് ഹൃദയ സംബന്ധമായ രോഗങ്ങളെ ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ഓരോ വർഷവും ഏകദേശം 17.9 ദശലക്ഷം മരണങ്ങൾക്ക് ഉത്തരവാദികളായ ഹൃദ്രോഗങ്ങൾ ചെറുപ്പക്കാരിലും പ്രായമായവരിലും ഒരുപോലെ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ പ്രായമായവരിലാണ് ഹൃദ്രോഗം കൂടുതലായി കണ്ടിരുന്നതെങ്കിൽ ഇന്ന് പ്രായഭേദമന്യേ കുട്ടികളിൽ പോലും പിടിപെടുന്നുണ്ട്. ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങൾ നിരവധിയാണ്. നമ്മുടെ മരണത്തിനു വരെ കരണമാകാവുന്ന ചില ഹൃദ്രോഗങ്ങൾ ചികിൽസിച്ച് ഭേദമാക്കാവുന്നവയാണ്. ക്യാൻസർ ഹൃദയത്തെ ബാധിക്കില്ല എന്നത് നമുക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. എന്നിരുന്നാലും ഹൃദയ ധമനികൾ അടഞ്ഞുണ്ടാകുന്ന അസുഖങ്ങളെയാണ് കൂടുതലായും ഹൃദ്രോഗം എന്ന് വിശേഷിപ്പിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും ചിട്ടയായ ഭക്ഷണ ശീലവും പിന്തുടർന്നാൽ ഹൃദയാരോഗ്യത്തിന് പൂർണ്ണ സംരക്ഷണമേകാനാകും.