അകലാപ്പുഴയെ സംസ്ഥാനത്തെ മികച്ച ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണു‌നാഥ്

അകലാപ്പുഴയെ സംസ്ഥാനത്തെ മികച്ച ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണു‌നാഥ്

  • ആലപ്പുഴയിലെ കായൽ പരപ്പിൻ്റെ അതേ തനിമയും പ്രകൃതിഭംഗിയും സഞ്ചാരികൾക്ക് നൽകാൻ കഴിയുന്ന മലബാറിലെ ഏക വിനോദസഞ്ചാര കേന്ദ്രമാണ് അകലാപ്പുഴയെന്ന് മന്ത്രി വിലയിരുത്തി

തുറയൂർ: മലബാറിലെ മികച്ച ടൂറിസം കേന്ദ്രമായി ഉയർന്നുവരുന്ന അകലാപ്പുഴയെ സംസ്ഥാനത്തെ മികച്ച ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണു‌നാഥ് പറഞ്ഞു. അകലാപ്പുഴയുടെ വികസന സാധ്യതകൾ നേരിട്ട് വിലയിരുത്തുന്നതിനായി മന്ത്രി തുറയൂരിലെ അകലാപ്പുഴ സന്ദർശിച്ചു.പേരാമ്പ്ര, കൊയിലാണ്ടി നിയോജക മണ്ഡലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന അകലാപ്പുഴ കോരപ്പുഴയുടെ ഒരു പ്രധാന ശാഖയാണ്. ആലപ്പുഴയിലെ കായൽ പരപ്പിൻ്റെ അതേ തനിമയും പ്രകൃതിഭംഗിയും സഞ്ചാരികൾക്ക് നൽകാൻ കഴിയുന്ന മലബാറിലെ ഏക വിനോദസഞ്ചാര കേന്ദ്രമാണ് അകലാപ്പുഴയെന്ന് മന്ത്രി വിലയിരുത്തി.ജലഗതാഗത പാരമ്പര്യം കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും ഈ പ്രദേശം ഏറെ ശ്രദ്ധേയമാണ്. ജനപ്രതിനിധികൾക്കൊപ്പം ബോട്ടിൽ അകലാപ്പുഴയിലൂടെ സഞ്ചരിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അകലാപ്പുഴയെ ടൂറിസം സൗഹൃദ മേഖലയായി മാറ്റുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടുമെന്ന് അദ്ദേഹം അറിയിച്ചു.

‘അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും അവയെ പുനരാവിഷ്‌കരിക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. പ്രാദേശിക തനിമ, സംസ്കാരം, ഭക്ഷണരീതികൾ, തൊഴിൽ വൈദഗ്ധ്യം എന്നിവ നേരിട്ട്അനുഭവിച്ചറിയാനുള്ള അവസരം ഒരുക്കുന്ന എക്സ്‌പീരിയൻഷ്യൽ ടൂറിസം ആശയം ഇവിടെ നടപ്പാക്കും’ എന്ന് മന്ത്രി പറഞ്ഞു.സന്ദർശന വേളയിൽ കൊയിലാണ്ടി എംഎൽഎ അഡ്വ. കെ. പ്രവീൺകുമാർ, പേരാമ്പ്ര എം എൽ എ അഡ്വ. ഫാത്തിമ തഹിലിയ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പ്രദേശത്തെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.അടുത്ത ഘട്ടത്തിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി ബോട്ടിംഗ്, ഹോംസ്റ്റേ, പ്രാദേശിക കരകൗശല വിപണി തുടങ്ങിയവ ഉൾപ്പെടുത്തി അകലാപ്പുഴയെ സമഗ്ര ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാനാണ് സർക്കാരിന്റെ പദ്ധതി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )