
കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതികൾ രൂക്ഷം
- സംസ്ഥാനത്താകെ 273 ദുരിതാശ്വാസ ക്യാംപുകളിലായി 7,674 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.
തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതികൾ രൂക്ഷമാകുന്നു. രാത്രിയും പലയിടങ്ങളിലും ശക്തമായ മഴ പെയ്തതോടെ ജനജീവിതം വീണ്ടും ദുരിതത്തിലായി. ഇന്നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ ഇന്നലെ ആറുപേർകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 15 ആയി. ഇതിൽ 11 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.തിരുവനന്തപുരം, കൊല്ലം തീരങ്ങളിൽ വള്ളം മുങ്ങി കാണാതായ നാല് മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കോസ്റ്റ് ഗാർഡും രക്ഷാസേനയും തുടരുകയാണ്.

സംസ്ഥാനത്താകെ 273 ദുരിതാശ്വാസ ക്യാംപുകളിലായി 7,674 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. മഴക്കെടുതിയിൽ 30 വീടുകൾ പൂർണമായും 293 വീടുകൾ ഭാഗികമായും തകർന്നതായും അധികൃതർ വ്യക്തമാക്കി.
