
കാവേരി നദീജല തർക്കത്തിൽ തമിഴ്നാട് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും
- വിഷയമുയർത്തി വിജയ് സർക്കാരിനെതിരെ ഇന്ന് ഡിഎംകെ പ്രതിഷേധം സംഘടിപ്പിക്കും
ചെന്നൈ : കാവേരി നദീജല തർക്കത്തിൽ തമിഴ്നാട് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. കർണാടകം ജലം വിട്ടുനൽകണമെന്നാണ് തമിഴ്നാട് മുന്നോട്ട് വെക്കുന്ന ആവശ്യം. എന്നാൽ വെള്ളം കുറവുള്ള സമയത്ത് തമിഴ്നാടിന് വെള്ളം നൽകാനാകില്ലെന്നാണ് കർണാടകയുടെ നിലപാട്. 3500 ക്യുസെക്സ് ജലം വീതം 15 ദിവസത്തേയ്ക്ക് നൽകണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവിനെതിരെയാണ് കർണാടകയുടെ നിലപാട്. കാവേരി വിഷയമുയർത്തി വിജയ് സർക്കാരിനെതിരെ ഇന്ന് ഡിഎംകെ പ്രതിഷേധം സംഘടിപ്പിക്കും. കർഷകരെ അണിനിരത്തിയുള്ള വമ്പൻ പ്രതിഷേധ യോഗമാണ് സജ്ജീകരിച്ചത്.

തഞ്ചാവൂരിൽ ഉദയനിധി സ്റ്റാലിൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യും. നദീ ജല തർക്കം ചർച്ച ചെയ്യാനായി വിജയുമായി നടക്കാനിരുന്ന കൂടിക്കാഴ്ച ഡികെ ശിവകുമാർ റദ്ദാക്കിയിരുന്നു. തമിഴ്നാടുമായി ചർച്ച നടത്തുന്നതിന് അനുയോജ്യമായ സാഹചര്യമല്ല നിലവിലുള്ളതെന്നും അതിനാൽ തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചയ്ക്കായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് വരേണ്ടതില്ലെന്ന് ആവശ്യപ്പെടുമെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി.
