
കെഎംസിസി ഓഫീസിലെ കവർച്ച ; വിവരം പൊലീസിൻ്റെ മുന്നിലെത്തിയത് ഒരു വർഷം കഴിഞ്ഞ്
- ഒട്ടേറെ ദുരൂഹതകൾ അവശേഷിക്കുന്ന കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്
കോഴിക്കോട്: ഖത്തറിലെ കെഎംസിസി ഓഫീസിലെ ലോക്കറുകൾ തകർത്ത് 31 ലക്ഷം റിയാൽ ( എട്ടുകോടിയിലധികം ഇന്ത്യൻ രൂപ) കവർന്നത് 2025 സെപ്റ്റംബർ 18ന് പുലർച്ചെയാണ്. എന്നാൽ, ഇത്രയും വലിയൊരു കവർച്ച നടന്ന വിവരം പൊലീസിൻ്റെ മുന്നിലെത്തിയത് ഒരു വർഷത്തോളം വൈകി, 2026 സെപ്റ്റംബറിൽ മാത്രവും. കവർച്ചയ്ക്ക് പിന്നിലെ മുതൽ പണം വീതംവെച്ചതിനെച്ചൊല്ലിയുള്ള തർക്കങ്ങളും വിവരങ്ങൾ പുറത്തുവന്നതിലെ കാലതാമസവും വരെ ഒട്ടേറെ ദുരൂഹതകൾ അവശേഷിക്കുന്ന കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്.ഖത്തർ കെഎംസിസി ഓഫീസിൽ സൂക്ഷിച്ചിരുന്ന വൻതുക കവർന്ന സംഭവത്തിൽ അറസ്റ്റിലായ ബിജെപി പ്രാദേശിക നേതാവ് പരപ്പിൽ ബാലകൃഷ്ണൻ്റെ മൊഴിയും പ്രതികൾ തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും കേസിന് പുതിയ വഴിത്തിരിവുകൾ നൽകുകയാണ്. സൗജന്യ വിസയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്ത് ഭീഷണിപ്പെടുത്തി കവർച്ചയിൽ പങ്കാളിയാക്കിയെന്നാണ് ബാലകൃഷ്ണന്റെ ആരോപണം. എന്നാൽ, കവർച്ച നടന്നതായി പറയുന്ന 2025 സെപ്റ്റംബറിനും പൊലീസിൽ പരാതി ലഭിച്ച 2026 സെപ്റ്റംബറിനുമിടയിലെ ഒരു വർഷത്തോളം നീണ്ട കാലയളവാണ്

2025 സെപ്റ്റംബർ 18ന് പുലർച്ചെ നാലുമണിയോടെ ഗ്യാസ് സിലിൻഡറും ഓക്സിജൻ സിലിൻഡറുമായി ഒരു വാഹനത്തിൽ കെട്ടിടത്തിലേക്ക് കൊണ്ടുപോയപ്പോഴാണ് അത് കെഎംസിസി ഓഫീസാണെന്ന് മനസ്സിലായതെന്നാണ് ബാലകൃഷ്ണന്റെ മൊഴി. ഇത് അറബിയുടെ വീടല്ലേയെന്ന് ചോദിച്ചപ്പോൾ, “പറയും ചെയ്താൽ മതി”യെന്ന ഭീഷണിപ്പെടുത്തിയെന്നും ഇയാൾ പറയുന്നു. തുടർന്ന് ഗ്യാസ് കട്ടറും കമ്പിപ്പാരയും ഉപയോഗിച്ച് ലോക്കറുകൾ തകർക്കാൻ നിർബന്ധിച്ചു. എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി ജോലി ചെയ്യിപ്പിച്ചെന്നും കട്ടിങ് ജോലിക്കിടെ വെൽഡിങ് ബ്ലേഡ് പൊട്ടിത്തെറിച്ച് കണിനും ശരീരത്തിനും പരിക്കേറ്റെന്നും ബാലകൃഷ്ണൻ മൊഴി നൽകിയതായാണ് വിവരം.ഒരാഴ്ചയോളം ഭക്ഷണം ലഭിക്കാതെ കഴിഞ്ഞതായും ലോക്കറുകൾ തകർത്തശേഷം പണം ബാഗുകളിലാക്കി മറ്റുള്ളവർ കൊണ്ടുപോയതായും ഇയാൾ ആരോപിക്കുന്നു. പിന്നീട് തന്റെ പാസ്പോർട്ടും 50,000 രൂപ മൂല്യമുള്ള ഖത്തർ റിയാലും കൈമാറിയശേഷം നാട്ടിലേക്ക് തിരിച്ചയച്ചെന്നാണ് മൊഴി. സൗജന്യ വിസയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്ത് ഖത്തറിലെത്തിച്ചശേഷം ഒരു വില്ലയിലും ലോഡ്ജിലുമായി താമസിപ്പിക്കുകയും പുറത്തിറങ്ങാൻ അനുവദിക്കാതിരിക്കുകയും ചെയ്തെന്നാണ് ബാലകൃഷ്ണന്റെ ആരോപണം.
