
കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ യുവാവ് മരിച്ചനിലയിൽ
- മൃതദേഹത്തിനടുത്ത് നിന്നും ലഹരിമരുന്ന് സിറിഞ്ച് കണ്ടെത്തി.
കോഴിക്കോട്: കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. അണേല ഊരാളി വീട്ടിൽ പ്രജിത്തിൻ്റെയും ഗംഗയുടെയും മകൻ അമൽ സൂര്യ(27)നെയാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപം ലഹരിമരുന്ന് സിറിഞ്ചും കണ്ടെത്തി.
യുവാവ് അമിതമായി മയക്കുമരുന്നു ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് യുവാക്കള്‍ ഇവിടെ സ്ഥിരമായി ഒത്തുകൂടാറുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
യുവാവിനൊപ്പം രണ്ടു പേർ കൂടി ഉണ്ടായിരുന്നതായാണ് വിവരം. ഇയാളുടെ കൂടെയുണ്ടായിരുന്ന ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലാണ്. ഒരാൾ സംഭവ സ്ഥലത്ത് നിന്നും ഓടിപ്പോയതായും വിവരമുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.