
തൃശൂർ മെഡിക്കൽ കോളജിലെ മെഡിസിൻ വാർഡിനോട് ചേർന്നുള്ള ശുചിമുറിയിൽ രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ വാദങ്ങൾ തെറ്റാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
മൃതദേഹം കണ്ടെത്തുന്നതിന് 36 മുതൽ 72 മണിക്കൂർ മുമ്പ് വരെയുള്ള സമയത്തിനിടയിലാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിലെ മെഡിസിൻ വാർഡിനോട് ചേർന്നുള്ള ശുചിമുറിയിൽ രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ വാദങ്ങൾ തെറ്റാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം കണ്ടെത്തുന്നതിന് 36 മുതൽ 72 മണിക്കൂർ മുമ്പ് വരെയുള്ള സമയത്തിനിടയിലാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. മൃതദേഹം കണ്ടെത്തിയതിൻ്റെ തലേദിവസവും ശുചീകരണ തൊഴിലാളികൾ ശുചിമുറിയിൽ എത്തിയിരുന്നു എന്നായിരുന്നു മെഡിക്കൽ കോളജിന്റെ വാദം. എന്നാൽ ഒന്നര ദിവസത്തിലധികം മൃതദേഹം ശുചിമുറിക്കുള്ളിൽ തന്നെ ഉണ്ടായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമാകുന്നത്.

ഹൃദയാഘാതമാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ദിവസങ്ങളോളം ശുചിമുറിയിൽ മൃതദേഹം കിടന്നിട്ടും ആരും അറിയാതിരുന്ന സംഭവത്തിൽ ആശുപത്രിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ 19-ആം തീയതിയാണ് പാലക്കാട് സ്വദേശിയായ മാക്കുട്ടി റാവുത്തറെ ആശുപത്രി വാർഡിൽ നിന്ന് കാണാതായത്. തുടർന്ന് 36 മണിക്കൂറിലധികം മൃതദേഹം ശുചിമുറിയിൽ ആരും ശ്രദ്ധിക്കാതെ കിടന്നു എന്നായിരുന്നു ആരോപണം.വീഴച്ചയിൽ കർശന നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി അടിയന്തരമായി തുടർനടപടികൾ സ്വീകരിക്കാൻ വകുപ്പ് നിർദേശം നൽകി.
