
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ
- പോളിംഗ് ദിനമായ ഏപ്രിൽ 9ന് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. തെരഞ്ഞെടുപ്പ് മുന്നോടിയായി വോട്ടർമാരുടെയും പോളിംഗ് സംവിധാനങ്ങളുടെയും കണക്ക് പുറത്തുവിട്ട രത്തൻ ഖേൽക്കർ, പോളിംഗ് ദിനമായ ഏപ്രിൽ 9ന് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. ആകെ 2,71,42,952 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 883 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.

തെരഞ്ഞെടുപ്പിനായി 30,471 പോളിംഗ് സ്റ്റേഷനുകളും 24 ഓക്സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 1200-ൽ അധികം വോട്ടർമാരുള്ള ബൂത്തുകൾക്ക് പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുണ്ട്. 352 ബൂത്തുകൾ വനിതകൾ നിയന്ത്രിക്കുന്നതും 37 ബൂത്തുകൾ ഭിന്നശേഷിക്കാർ നിയന്ത്രിക്കുന്നതുമാണ്. വീട്ടിൽ വോട്ട് ചെയ്യാനുള്ള സൗകര്യം ഉപയോഗിച്ച് 98 ശതമാനം പേർ ഇതിനകം വോട്ട് രേഖപ്പെടുത്തിയെന്നും പോസ്റ്റൽ വോട്ടുകളിൽ 95 ശതമാനവും പൂർത്തിയായെന്നും രത്തൻ ഖേൽക്കർ അറിയിച്ചു.
CATEGORIES News
