
നടൻ ടിനി ടോം സാമൂഹിക വിപത്തെന്ന് നടി അൻസിബ ഹസൻ
- ടിനി ടോമിനെതിരായ പരാതിയുമായി മുന്നോട്ടു പോകുമെന്നും അൻസിബ പറഞ്ഞു
കൊച്ചി: നടൻ ടിനി ടോം സാമൂഹിക വിപത്തെന്ന് നടിയും താരസംഘടനയായ ‘അമ്മ’യുടെ മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസൻ. ടിനി ടോം തെറ്റ് ചെയ്തത് തന്നോട് മാത്രമല്ല, കേരളം പോലെ മതനിരപേക്ഷമായ ഒരു സമൂഹത്തിനോടും കൂടിയാണ്. ഇത്തരക്കാരുടെ കപടമുഖം അഴിഞ്ഞുവീഴണം. ടിനി ടോമിനെതിരായ പരാതിയുമായി മുന്നോട്ടു പോകുമെന്നും അൻസിബ പറഞ്ഞു. തൃപ്പൂണിത്തറ എസ്ഐ രേഷ്മക്കും നടി ലക്ഷ്മിപ്രിയക്കുമെതിരെ നൽകിയ പരാതിയിൽ മൊഴി നൽകാൻ വന്നതായിരുന്നു.

ടിനി ടോം എന്നോട് മാത്രമല്ല, ഒരു സമൂഹത്തിനോടാണ് ദ്രോഹം ചെയ്തത്. പ്രത്യേകിച്ച് കേരളം പോലെ മതനിരപേക്ഷമായ ഒരു സംസ്ഥാനത്തുള്ള ജനങ്ങളോടാണ് തെറ്റ് ചെയ്തത്. വളരേ മോശമാണത്. വ്യക്തിവൈരാഗ്യം തീർക്കാൻ ഒരാൾക്കെതിരെ ഒന്നും കിട്ടാതിരിക്കുമ്പോൾ പേര് അൻസിബ ഹസൻ ആയതുകൊണ്ട് അതങ്ങ് ഉപയോഗിച്ചേക്കാം എന്ന് കരുതി തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. ഭാഗ്യവശാൽ കേരളത്തിലാണ് നമ്മൾ എല്ലാവരും ജീവിക്കുന്നത്. മലയാളികൾക്ക് എല്ലാവർക്കും കാര്യം മനസിലായി. ചെയ്തത് ന്യായീകരിക്കാൻ പറ്റില്ല. അതിനുള്ള ശിക്ഷ അദ്ദേഹം അനുഭവിച്ചേ പറ്റൂ’ -അൻസിബ പറഞ്ഞു.
