
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലുള്ള പ്രായോഗിക നിലപാട് സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ
- കേന്ദ്ര സർക്കാർ പദ്ധതികൾക്കായി നിബന്ധനകൾ വെക്കുന്നത് ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലുള്ള പ്രായോഗിക നിലപാട് സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. കേന്ദ്ര സർക്കാർ പദ്ധതികൾക്കായി നിബന്ധനകൾ വെക്കുന്നത് ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകുന്നതിന് കേന്ദ്രം കടുത്ത നിബന്ധനകൾ വെക്കുന്നതിനോട് സർക്കാരിന് വിയോജിപ്പുണ്ട്. ഇത് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്നതും ഫെഡറൽ സംവിധാനത്തിന് എതിരുമാണെന്ന് മന്ത്രി പറഞ്ഞു പിഎം ശ്രീ പദ്ധതിയുടെ പാഠ്യപദ്ധതിയോടും സർക്കാരിന് വിയോജിപ്പുണ്ട്.

എന്നാൽ, മാസങ്ങൾക്ക് മുമ്പ് കഴിഞ്ഞ സർക്കാർ ഈ പദ്ധതിയിൽ ഒപ്പുവെക്കുകയും ഫണ്ട് കൈമാറുകയും ചെയ്തിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ സർക്കാർ എടുത്ത തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ പദ്ധതിയുമായി എങ്ങനെ മുന്നോട്ട് പോകണമെന്നത് ഗൗരവമായി ആലോചിക്കുന്നുണ്ട്. സർക്കാരുകൾക്ക് തുടർച്ചയുള്ളതിനാൽ പെട്ടെന്നുള്ള പിന്മാറ്റം പ്രായോഗികമാണോ എന്ന് പരിശോധിക്കും. സമഗ്ര ശിക്ഷാ കേരളം വഴി കൂടുതൽ കേന്ദ്രവിഹിതം ലഭ്യമായിട്ടുണ്ട്. ഏകദേശം 348 കോടി രൂപ അനുവദിക്കാമെന്ന ധാരണ ഡിപ്പാർട്ട്മെന്റിന് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
