
പെരുവട്ടൂർ നടേരി കടവ് റോഡ് പണി അനിശ്ചിതത്വത്തിൽ; ജനങ്ങളെ ദുരിതത്തിലാക്കി കരാറുകാരുടെ അനാസ്ഥ
- മഴ ആരംഭിക്കുന്നതിന് മുമ്പ് പണി പൂർത്തിയാക്കാതിരുന്നാൽ മാസങ്ങളോളം ഈ ദുരവസ്ഥ തുടരുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
കൊയിലാണ്ടി: പെരുവട്ടൂർ നടേരി കടവ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ മാസങ്ങളായി നീണ്ടുനിൽക്കുന്നതിനാൽ പ്രദേശവാസികൾ കടുത്ത ദുരിതത്തിലാണെന്ന് നാട്ടുകാർ ആരോപിച്ചു. ഏറെ പ്രതീക്ഷയോടെയാണ് റോഡ് പണി ആരംഭിച്ചതെങ്കിലും പണി പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. കരാറുകാരുടെ ഗുരുതരമായ അനാസ്ഥയും അധികൃതരുടെ അനാസക്തിയും മൂലം ജനങ്ങളുടെ യാത്ര ദുരിതപൂർണമായി മാറിയിരിക്കുകയാണ്.സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. വിദ്യാർത്ഥികൾ, രോഗികൾ, തൊഴിലാളികൾ, വ്യാപാരികൾ തുടങ്ങി നൂറുകണക്കിന് ആളുകളാണ് ദിവസേന കഷ്ടത അനുഭവിക്കുന്നത്. മഴ ആരംഭിക്കുന്നതിന് മുമ്പ് പണി പൂർത്തിയാക്കാതിരുന്നാൽ മാസങ്ങളോളം ഈ ദുരവസ്ഥ തുടരുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

റോഡിന്റെ ദയനീയാവസ്ഥക്കെതിരെ നാട്ടുകാർ പലതവണ പ്രതിഷേധം സംഘടിപ്പിച്ചിട്ടും ബന്ധപ്പെട്ട വകുപ്പുകളോ ജനപ്രതിനിധികളോ യാതൊരു അടിയന്തര നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ജനങ്ങളുടെ ജീവനും സുരക്ഷയും വെല്ലുവിളിക്കുന്ന രീതിയിലുള്ള ഈ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. കരാറുകാരനെതിരെ കർശന നടപടി സ്വീകരിക്കുകയും അടിയന്തരമായി റോഡ് പണി പുനരാരംഭിച്ച് സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ ജനകീയ സമര പരിപാടികളിലേക്ക് കടക്കേണ്ടിവരുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.
