
‘പ്രോജക്ട് സീറോ’ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രിയുടെ അടിയന്തര യോഗം ഇന്ന്
- ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജിലൻസ് ഉദ്യോഗസ്ഥരുടെ ആദ്യ യോഗമാണിത്.
തിരുവനന്തപുരം :സംസ്ഥാനത്ത് അഴിമതിയില്ലാത്ത ഭരണം ലക്ഷ്യമിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ വിജിലൻസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ഇന്ന് ചേരും. ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജിലൻസ് ഉദ്യോഗസ്ഥരുടെ ആദ്യ യോഗമാണിത്. തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ സംസ്ഥാനത്തെ വിജിലൻസ് യൂണിറ്റ് മേധാവിമാർ മുതൽ മുകളിലോട്ടുള്ള മുഴുവൻ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട് ഭരണതലത്തിലെ അഴിമതി പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രാലയം ആവിഷ്കരിച്ച ‘പ്രോജക്ട് സീറോ’ പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ചായിരിക്കും യോഗം പ്രധാനമായും ചർച്ച ചെയ്യുക. ഭരണ ഇടങ്ങളിലെ അഴിമതി ഇല്ലാതാക്കാൻ സാധാരണക്കാരായ പൊതുജനങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഇന്നത്തെ യോഗത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
