
എബോള വൈറസ് വ്യാപനം ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശം
- ഡിജിസിഎ വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്
ഡൽഹി : ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. രാജ്യത്ത് ഇതുവരെ ഒരു എബോള കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായി നിരീക്ഷണം ശക്തമാക്കാൻ ഡിജിസിഎ വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രക്കാർക്കായി വിമാനത്തിനുള്ളിൽ തന്നെ ഓൺ ബോർഡ് നിരീക്ഷണം ഏർപ്പെടുത്തണം എന്നും നിർദേശം ഉണ്ട്. യാത്ര തുടങ്ങുന്നതിന് മുൻപായി യാത്രക്കാരിൽ നിന്നും എബോള രോഗലക്ഷണങ്ങൾ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സെൽഫ് ഡിക്ലറേഷൻ ഫോം ശേഖരിക്കണം.യാത്രയ്ക്കിടെ രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്കായി വിമാനത്തിൽ പ്രത്യേക സീറ്റുകൾ സജ്ജമാക്കുകയും അവരെ ഐസൊലേറ്റ് ചെയ്യുകയും വേണം. പ്രത്യേകിച്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ കർശനമായി നിരീക്ഷിക്കാനാണ് തീരുമാനം

. ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പ്രത്യേക ലാബുകൾ സജ്ജമാക്കി യാത്രക്കാരെ പരിശോധിച്ചതിന് ശേഷം മാത്രമേ കടത്തിവിടുകയുള്ളൂ.
ഇന്ത്യയിലെത്തി 21 ദിവസത്തിനുള്ളിൽ എബോളയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏത് രാജ്യത്ത് നിന്നാണ് യാത്രക്കാരൻ എത്തിയത് എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ വിമാനക്കമ്പനികളും വിമാനത്താവള അധികൃതരും കൃത്യമായി നിരീക്ഷിക്കുകയും ആരോഗ്യ മന്ത്രാലയത്തിന് കൈമാറുകയും ചെയ്യേണ്ടതാണ്. നിലവിൽ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും,രോഗവ്യാപനം തടയുന്നതിനായി വിമാനത്താവളങ്ങളിൽ കടുത്ത മുൻകരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്.
