ബ്ലാക്ക്‌ബോഡ് പറയാൻ ബാക്കി വെച്ചത്……

ബ്ലാക്ക്‌ബോഡ് പറയാൻ ബാക്കി വെച്ചത്……

  • അധ്യാപകദിന ചിന്തകൾ നെല്ലിയോട്ട് ബഷീർ

ഏതൊരു പഴയ സ്കൂൾമുറ്റത്തും ഇന്നും ഒരു മണിയൊച്ച ബാക്കിനിൽക്കുന്നുണ്ടാവും. കാലം ഏറെ മുന്നോട്ടുപോയിട്ടും,ആ ശബ്ദത്തിന് പ്രായമായിട്ടില്ല.
രാവിലെ മഞ്ഞുതുള്ളികൾ പറ്റിയ ജനൽച്ചില്ലുകൾക്കപ്പുറം ഒരു ക്ലാസ് മുറി.ചുമരിൽ മങ്ങിയ ഭൂപടം. മൂലയിലൊരു കറുത്ത ബോർഡ്. അതിനരികിൽ പൊടിപിടിച്ച ചോക്കുപെട്ടി. ബെഞ്ചുകളിൽ നിരന്നിരിക്കുന്ന കുഞ്ഞുമുഖങ്ങൾ. പുറത്തേക്ക് നോക്കിയാൽ കാറ്റിൽ ഇളകുന്ന മരച്ചില്ലകൾ.

പെട്ടെന്ന് വാതിൽ തുറക്കുന്നു.

കൈയിൽ പുസ്തകവുമായി അധ്യാപകൻ/അധ്യാപിക അകത്തേക്ക് വരുന്നു.ക്ലാസ് മുറിയിലെ ശബ്ദങ്ങൾ പതുക്കെ ഇല്ലാതാകുന്നു.

ഒരു നിമിഷംകൊണ്ട് ആ മുറി മറ്റൊരു ലോകമായി മാറുന്നു.അവിടെ അക്ഷരങ്ങൾ മാത്രമല്ല എഴുതപ്പെടുന്നത്.
സ്വപ്നങ്ങളാണ് എഴുതപ്പെടുന്നത്.
അവിടെ പാഠങ്ങൾ മാത്രമല്ല പഠിപ്പിക്കപ്പെടുന്നത്.
ജീവിതമാണ് പതുക്കെ വായിക്കപ്പെടുന്നത്.

ഓരോ അധ്യാപകദിനവും നമ്മെ തിരികെ കൊണ്ടുപോകുന്നത് ആ പഴയ ക്ലാസ് മുറിയിലേക്കാണ്.അതെ നമ്മുടെ ബാല്യത്തിലേക്ക്.നമ്മുടെ ആദ്യത്തെ അക്ഷരത്തിലേക്ക്.നമ്മെക്കാൾ മുമ്പ് നമ്മുടെ കഴിവിൽ വിശ്വസിച്ച ഒരാളുടെ കണ്ണുകളിലേക്ക്.

അധ്യാപകദിനം ഒരു ദിവസം മാത്രമല്ല. അത് ഓർമ്മയുടെ ഒരു വേലിയേറ്റമാണ്.സെപ്റ്റംബർ എത്തുമ്പോൾ ചില ഓർമ്മകൾക്ക് വീണ്ടും പൂക്കാലമാകുന്നു.

വർഷങ്ങൾക്കുമുമ്പ് നമ്മെ പഠിപ്പിച്ച അധ്യാപകന്റെ മുഖം പെട്ടെന്ന് മനസ്സിൽ തെളിയും. അദ്ദേഹത്തിന്റെ ശബ്ദം വീണ്ടും കേൾക്കും. ക്ലാസ് മുറിയിലെ ആ പഴയ ബെഞ്ചിന്റെ മണം പോലും ഓർമ്മയിൽ തിരിച്ചെത്തും. ഒരിക്കൽ വൈകിയെത്തിയപ്പോൾ കിട്ടിയ ശാസന,
പരീക്ഷയ്ക്കുമുമ്പ് ലഭിച്ച ആശ്വാസം, ഉത്തരമറിയാതെ നിന്നപ്പോൾ കേട്ട “ശ്രമിച്ചുനോക്കൂ” എന്ന വാക്ക്,എല്ലാം കാലത്തിന്റെ പൊടിതട്ടിമാറ്റി വീണ്ടും മുന്നിൽ വന്നു നിൽക്കും.അപ്പോൾ നമുക്ക് മനസ്സിലാകുംഅധ്യാപകർ നമ്മുടെ ജീവിതത്തിൽ നിന്ന് ഒരിക്കലും പൂർണ്ണമായി പോകുന്നില്ലെന്ന്.അവർ ക്ലാസ് മുറി വിട്ടുപോകുന്നു.പക്ഷേ നമ്മുടെ ഓർമ്മകളിൽ നിന്ന് ഒരിക്കലും ഇറങ്ങിപ്പോകുന്നില്ല.

ഒരു കുട്ടി ആദ്യമായി സ്കൂളിലേക്ക് പോകുന്ന ദിവസം ഓർത്തെടുക്കാം.അമ്മയുടെ കൈ മുറുകെ പിടിച്ച്, പരിചയമില്ലാത്ത മുഖങ്ങൾക്കിടയിൽ ഭയത്തോടെ നിൽക്കുന്ന ഒരു കുഞ്ഞ്.അക്ഷരങ്ങളെ അറിയില്ല.പുസ്തകത്തിന്റെ അർത്ഥം അറിയില്ല.സ്കൂൾ എന്ന ലോകത്തിന്റെ വിശാലത അറിയില്ല.അവന് അറിയുന്നത് അമ്മയുടെ വിരലുകളുടെ ചൂട് മാത്രം.പിന്നീട് ആ കുഞ്ഞിന്റെ കൈയിൽ ഒരു അധ്യാപകന്റെ /അധ്യാപികയുടെ വിരൽ ചേർത്തു പിടിക്കുന്നു.
“വാ…”ആ ഒരു വാക്കിൽ ഒരു ലോകമാണ് തുറന്നത്.അമ്മയുടെ കൈയിൽ നിന്ന് അറിവിന്റെ കൈയിലേക്ക്.വീട്ടിലെ ആദ്യ പാഠത്തിൽ നിന്ന് ലോകത്തിന്റെ വലിയ പാഠപുസ്തകത്തിലേക്ക്‌.അവിടെ നിന്നാണ് അധ്യാപകന്റെ യാത്ര ആരംഭിക്കുന്നത്.

ഒരു അക്ഷരം എഴുതിപ്പഠിപ്പിക്കുന്ന അധ്യാപകൻ അറിയാതെ തന്നെ ഒരു ജീവിതത്തിന്റെ ആദ്യവരി എഴുതുകയാണ്.“അ” എന്ന അക്ഷരം പഠിപ്പിക്കുമ്പോൾ അവൻ അറിയുന്നില്ല,ഒരു ദിവസം ഈ കുട്ടി തന്റെ ജീവിതത്തിന്റെ മഹത്തായ കഥ എഴുതുമെന്ന്.

ഒരു സംഖ്യ കൂട്ടിക്കുറയ്ക്കുമ്പോൾ അവൻ അറിയുന്നില്ല,ഒരു ദിവസം ഈ കുട്ടി ലോകത്തിന്റെ സങ്കീർണ്ണമായ കണക്കുകൾ പരിഹരിക്കുമെന്ന്.ഒരു കവിത ചൊല്ലിക്കൊടുക്കുമ്പോൾ അവൻ അറിയുന്നില്ല,ഒരു ദിവസം ആ കുട്ടി മനുഷ്യരുടെ വേദനയെ കവിതയായി എഴുതുമെന്ന്.അധ്യാപകന്റെ കൈയിൽ ഒരു ചോക്കുതുണ്ട് മാത്രമായിരിക്കാം.പക്ഷേ ആ ചോക്കുതുണ്ടിന്റെ അറ്റത്ത് ഒരു തലമുറയുടെ ഭാവിയുണ്ട്.

കാലം മാറി;കറുത്ത ബോർഡിൽ നിന്ന് ഡിജിറ്റൽ ബോർഡിലേക്ക് ക്ലാസ് മുറി യാത്ര ചെയ്തു.ചോക്കിൽ നിന്ന് ടച്ച് സ്ക്രീനിലേക്ക്.പുസ്തകത്തിൽ നിന്ന് ടാബ്ലറ്റിലേക്ക്.ഗ്രന്ഥശാലയിൽ നിന്ന് ഗൂഗിളിലേക്ക്.അറിവിന്റെ വാതിലുകൾ അനന്തമായി തുറന്നു.

ഇന്ന് ഒരു കുട്ടിക്ക് ഒരു ചോദ്യം തോന്നിയാൽ, അധ്യാപകന്റെ മറുപടിക്കായി മാത്രം കാത്തിരിക്കേണ്ടതില്ല. ലോകത്തിന്റെ ഏത് കോണിലുള്ള അറിവും ഒരു വിരൽത്തുമ്പിൽ എത്തുന്നു. കൃത്രിമബുദ്ധി ചോദ്യങ്ങൾക്ക് മറുപടി പറയുന്നു. യന്ത്രങ്ങൾ പാഠങ്ങൾ വിശദീകരിക്കുന്നു. സാങ്കേതികവിദ്യ പഠനത്തിന്റെ രൂപം തന്നെ മാറ്റുന്നു.

അപ്പോൾ ഒരു ചോദ്യം ഉയരുന്നു….

ഇനി അധ്യാപകൻ എന്തിനാണ്?ഉത്തരം വളരെ ലളിതമാണ്.അറിവ് നൽകാൻ യന്ത്രങ്ങൾക്ക് കഴിയും.പക്ഷേ അറിവിന്റെ അർത്ഥം മനസ്സിലാക്കാൻ മനുഷ്യനെ സഹായിക്കുന്നത് മനുഷ്യനാണ്.ഉത്തരം കണ്ടെത്താൻ യന്ത്രങ്ങൾക്ക് കഴിയും.പക്ഷേ ശരിയായ ചോദ്യം ചോദിക്കാൻ പഠിപ്പിക്കുന്നത് അധ്യാപകനാണ്.ഒരു കുട്ടിയുടെ പരീക്ഷയ്ക്ക് മാർക്ക് നൽകാൻ കമ്പ്യൂട്ടറിന് കഴിയും.പക്ഷേ പരീക്ഷയിൽ തോറ്റ കുട്ടിയുടെ കണ്ണിലെ കണ്ണുനീർ വായിക്കാൻ അതിന് കഴിയില്ല.ഒരു പാഠം വിശദീകരിക്കാൻ സാങ്കേതികവിദ്യയ്ക്ക് കഴിയും.പക്ഷേ “നിനക്ക് കഴിയും” എന്ന് ഹൃദയത്തിൽനിന്ന് പറയാൻ ഒരു മനുഷ്യഹൃദയം തന്നെ വേണം.അതിനാൽ സാങ്കേതികവിദ്യ വളരുന്ന ഓരോ നിമിഷത്തിലും അധ്യാപകന്റെ മാനവികതയ്ക്ക് വില കൂടുകയാണ്.

ഒരു അധ്യാപകന്റെ ഏറ്റവും വലിയ പാഠം ചിലപ്പോൾ പുസ്തകത്തിലുണ്ടാകില്ല.അത് ഒരു നോട്ടത്തിലായിരിക്കും.ഒരു പുഞ്ചിരിയിലായിരിക്കും.
ഒരു തോളിൽ പതിയുന്ന കൈയിൽ ആയിരിക്കും.
ഒരു കുട്ടി പരീക്ഷയിൽ പരാജയപ്പെട്ട് തലകുനിച്ച് നിൽക്കുമ്പോൾ, “അടുത്ത തവണ നമുക്ക് ജയിക്കാം” എന്ന് പറയുന്ന ഒരു ശബ്ദത്തിലായിരിക്കും.ഒരു കുട്ടി മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായി നിൽക്കുമ്പോൾ, “നീ വ്യത്യസ്തനാണ്; അതാണ് നിന്റെ ശക്തി” എന്ന് തിരിച്ചറിയിക്കുന്ന ഒരു അധ്യാപകന്റെ കാഴ്ചയിലായിരിക്കും.

ക്ലാസിലെ ഏറ്റവും പിന്നിലെ ബെഞ്ചിൽ ഇരിക്കുന്ന കുട്ടിയെ പലരും കാണാതെ പോകാം.പക്ഷേ ഒരു അധ്യാപകന് അവനെ കാണാം.എപ്പോഴും കൈ ഉയർത്തുന്ന കുട്ടിയെ എല്ലാവരും ശ്രദ്ധിക്കും.പക്ഷേ ഒരിക്കലും കൈ ഉയർത്താത്ത കുട്ടിയുടെ മൗനവും ഒരു അധ്യാപകൻ വായിക്കണം.ചില കുട്ടികൾക്ക് പുസ്തകങ്ങൾ വായിക്കാൻ അറിയാം.ചിലർക്ക് ജീവിതം വായിക്കാൻ അറിയാം.രണ്ടും അറിയാത്തവരായും ചിലരുണ്ട്.അവർക്കായി ഒരു അധ്യാപകൻ വേണം.കാരണം കുട്ടിയുടെ മാർക്ക് അറിയുന്നത് എളുപ്പമാണ്.അവന്റെ മനസ്സ് അറിയുക അത്ര എളുപ്പമല്ല.

ഇന്നത്തെ കുട്ടികളുടെ ലോകം വിചിത്രമായ വേഗത്തിലാണ് സഞ്ചരിക്കുന്നത്.അവരുടെ കൈയിൽ മൊബൈൽ ഫോൺ ഉണ്ട്.കണ്ണിന് മുന്നിൽ അനന്തമായ സ്ക്രീനുകൾ.ഓരോ നിമിഷവും പുതിയ ചിത്രങ്ങൾ കാണാം.പുതിയ വീഡിയോകൾ.പുതിയ ശബ്ദങ്ങൾ.പുതിയ താരതമ്യങ്ങൾ; എല്ലാം കാണാം.പക്ഷേ ഇത്രയധികം ബന്ധങ്ങളുള്ള ഈ കാലത്ത് പല കുട്ടികളും ഉള്ളിൽ ഒറ്റപ്പെട്ടവരാണ്.ആയിരക്കണക്കിന് “ഫോളോവേഴ്സ്” ഉണ്ടായിട്ടും ഒരു മനസ്സ് തുറന്ന് സംസാരിക്കാൻ ഒരാളെ തേടുന്ന കുട്ടികളുണ്ട്.വിവരങ്ങളുടെ സമുദ്രത്തിനിടയിൽ ആശയക്കുഴപ്പത്തിൽ മുങ്ങുന്ന കുട്ടികളുണ്ട്.

മറ്റുള്ളവരുടെ വിജയങ്ങൾ നിരന്തരം കാണുന്നതിനിടെ സ്വന്തം ജീവിതത്തെ പരാജയമായി കാണുന്ന കുട്ടികളുണ്ട്.അവിടെ അധ്യാപകൻ ഒരു പുതിയ വേഷം ധരിക്കണം.പാഠം പറയുന്ന അധ്യാപകർ ആയാൽമാത്രം പോരാ.കേൾക്കുന്ന അധ്യാപകർ വേണം.വിധിക്കാതെ കേൾക്കുന്ന അധ്യാപകർ.താരതമ്യം ചെയ്യാതെ മനസ്സിലാക്കുന്ന അധ്യാപകർ.തോൽവിയെ കുറ്റമാക്കാതെ അതിനെ ഒരു പാഠമാക്കുന്ന അധ്യാപകർ.ഒരു കുട്ടിയുടെ മനസ്സിൽ വാതിൽ അടയുമ്പോൾ, അതിന് മുന്നിൽ നിശ്ശബ്ദമായി കാത്തുനിൽക്കാൻ കഴിയുന്ന അധ്യാപകർ.
അതാണ് ഇന്നത്തെ കാലത്തിന്റെ ഗുരു.

അധ്യാപകന്റെ ജോലി എത്രമാത്രം വിചിത്രമാണ്!അവൻ വിത്ത് വിതയ്ക്കുന്നു.പക്ഷേ പലപ്പോഴും വൃക്ഷം കാണുന്നില്ല.അവൻ സ്വപ്നം നട്ടുപിടിപ്പിക്കുന്നു.പക്ഷേ അതിന്റെ പൂക്കൾ വിരിയുന്നത് വർഷങ്ങൾക്കുശേഷമാണ്.അവൻ ഒരു കുട്ടിയുടെ ഉള്ളിൽ വിശ്വാസം നിറയ്ക്കുന്നു.പക്ഷേ ആ വിശ്വാസം എപ്പോൾ ജീവിതത്തെ മാറ്റുമെന്ന് അവന് അറിയില്ല.ഒരു അധ്യാപകൻ പഠിപ്പിച്ച വിദ്യാർത്ഥി ഒരിക്കൽ ഡോക്ടറാകാം;എഞ്ചിനീയറാകാം;കലാകാരനാകാം;ശാസ്ത്രജ്ഞനാകാം;കവിയാകാം;രാഷ്ട്രീയപ്രവർത്തകനാകാം;കർഷകനാകാം.അല്ലെങ്കിൽ ഒരു സാധാരണ മനുഷ്യനായി, വളരെ നല്ലൊരു മനുഷ്യനായി ജീവിക്കാം.അവിടെ അധ്യാപകന്റെ വിജയം ഒളിഞ്ഞിരിക്കുന്നു.അധ്യാപകന്റെ വിജയം വിദ്യാർത്ഥി നേടിയ പദവിയിലല്ല.അവൻ വളർന്ന മനുഷ്യനിലാണ്.

ഒരു വയോധികനെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന ഒരു വിദ്യാർത്ഥിയിൽ അധ്യാപകന്റെ ഒരു പാഠമുണ്ട്.തന്റെ ജോലിക്കാരനോട് മാന്യമായി പെരുമാറുന്ന ഒരു മനുഷ്യനിൽ അധ്യാപകന്റെ ഒരു പാഠമുണ്ട്.തോറ്റ സുഹൃത്തിന്റെ തോളിൽ കൈവെക്കുന്ന ഒരാളിൽ അധ്യാപകന്റെ ഒരു പാഠമുണ്ട്.സ്വന്തം മക്കളെ സ്നേഹത്തോടെ വളർത്തുന്ന ഒരു മാതാ-പിതാവിൽ അധ്യാപകന്റെ ഒരു പാഠമുണ്ട്.അവിടെ മാർക്ക് ഇല്ല;സർട്ടിഫിക്കറ്റ് ഇല്ല;മെഡൽ ഇല്ല.പക്ഷേ മനുഷ്യത്തിൻ്റെ ഏറ്റവും വലിയ ബഹുമതിയുണ്ട്.

അധ്യാപകദിനത്തിൽ പൂക്കൾ വാങ്ങുമ്പോൾ നമുക്ക് ഒരു നിമിഷം ചിന്തിക്കാം.നമ്മുടെ ജീവിതത്തിലെ ആദ്യത്തെ വെളിച്ചം ആരായിരുന്നു?നമ്മുടെ തെറ്റുകളെ ആദ്യമായി തിരുത്തിയ കൈ ഏത്?നമ്മുടെ കഴിവിനെ നമ്മളേക്കാൾ മുമ്പ് തിരിച്ചറിഞ്ഞ കണ്ണുകൾ ആരുടേതായിരുന്നു?നമ്മൾ വീണപ്പോൾ “വീണ്ടും ശ്രമിക്കൂ” എന്ന് പറഞ്ഞ ശബ്ദം ആരുടേതായിരുന്നു?നമ്മൾ വളർന്നപ്പോൾ, നമ്മൾ മറന്നുപോയ ഒരു അധ്യാപകൻ ഇന്നും നമ്മളെ ഓർക്കുന്നുണ്ടാകുമോ?ഒരുപക്ഷേ ഓർക്കുന്നുണ്ടാകാം.അധ്യാപകർക്ക് വിദ്യാർത്ഥികളെ മറക്കാൻ കഴിയില്ല.ഓരോ ബാച്ചും അവരുടെ ജീവിതത്തിലെ ഓരോ കാലാവസ്ഥയാണ്.ചില കുട്ടികൾ മഴപോലെ വരും.ചിലർ വസന്തംപോലെ.ചിലർ കൊടുങ്കാറ്റുപോലെ.ചിലർ മിണ്ടാതെ കടന്നുപോകുന്ന സന്ധ്യപോലെ.വർഷങ്ങൾക്കുശേഷം എല്ലാവരും ഓർമ്മകളായി മാറും.പക്ഷേ അധ്യാപകന്റെ ഹൃദയത്തിൽ ആ ക്ലാസ് മുറി എന്നും നിറഞ്ഞിരിക്കും.

അധ്യാപകദിനം അധ്യാപകരെ അഭിനന്ദിക്കുന്ന ദിവസം മാത്രമാകരുത്.അധ്യാപകനെ വീണ്ടും കണ്ടെത്തുന്ന ദിവസമാകണം.വിദ്യാഭ്യാസത്തിന്റെ അർത്ഥത്തെ വീണ്ടും ചോദ്യം ചെയ്യുന്ന ദിവസമാകണം.നാം കുട്ടികളെ പഠിപ്പിക്കുന്നത് എന്തിനാണെന്ന് വീണ്ടും ആലോചിക്കുന്ന ദിവസമാകണം.അവർക്ക് കൂടുതൽ മാർക്ക് വേണോ?അതെ;അവർക്ക് മികച്ച ജോലി വേണോ?തീർച്ചയായും;പക്ഷേ അതിനേക്കാൾ കൂടുതൽ അവർക്ക് നല്ലൊരു ഹൃദയം വേണം.പരാജയത്തെ സഹിക്കാൻ കരുത്ത് വേണം.വിജയത്തിൽ അഹങ്കരിക്കാതിരിക്കാനുള്ള വിനയം വേണം.വ്യത്യസ്തനായ മനുഷ്യനെ സ്വീകരിക്കാനുള്ള വിശാലത വേണം.മറ്റൊരാളുടെ വേദനയിൽ സ്വന്തം കണ്ണ് നനയാനുള്ള മനസ്സാക്ഷി വേണം.അതാണ് വിദ്യാഭ്യാസത്തിന്റെ അവസാന പാഠം.അത് പരീക്ഷയിൽ ചോദിക്കപ്പെടില്ല.പക്ഷേ ജീവിതം ഓരോ ദിവസവും ചോദിച്ചുകൊണ്ടിരിക്കും.

അധ്യാപകനും ഒരു മനുഷ്യനാണ്.അവനും ക്ഷീണമുണ്ടാകും.അവനും തളർച്ചയുണ്ടാവും.അവനും സ്വന്തം ജീവിതത്തിലെ വേദനകളുമായി ക്ലാസ് മുറിയിലേക്ക് വരും.എന്നിട്ടും ബെല്ലടിക്കുമ്പോൾ പുസ്തകം തുറക്കും.മുഖത്ത് ഒരു പുഞ്ചിരി വരയ്ക്കും.“കുട്ടികളേ…” എന്ന് വിളിക്കും.അവിടെ അവന്റെ സ്വകാര്യവേദനകൾക്ക് വാതിൽ അടയും.കുട്ടികളുടെ ലോകം തുറക്കും.ഇതാണ് അധ്യാപകന്റെ നിശ്ശബ്ദ ത്യാഗം.അത് പലപ്പോഴും ആരും കാണുന്നില്ല.

പാഠം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന അധ്യാപകന്റെ ബാഗിൽ പുസ്തകങ്ങൾ മാത്രമല്ല ഉണ്ടാകുന്നത്.നാളെയുടെ പാഠപദ്ധതികളുണ്ട്.തിരുത്താനുള്ള ഉത്തരക്കടലാസുകളുണ്ട്.പിന്നിലായ ഒരു കുട്ടിയെ എങ്ങനെ മുന്നിലെത്തിക്കാം എന്ന ചിന്തയുണ്ട്.വിദ്യാർത്ഥിയുടെ പ്രശ്നത്തെക്കുറിച്ചുള്ള ആശങ്കയുണ്ട്.ഒരു ക്ലാസിന്റെ സ്വപ്നങ്ങളുണ്ട്.ഒരു തലമുറയുടെ ഭാരമുണ്ട്.അതുകൊണ്ട് അധ്യാപകനെ ആദരിക്കുന്നത് ഒരു വ്യക്തിയെ ആദരിക്കുന്നതല്ല.ഒരു തലമുറയെ രൂപപ്പെടുത്തുന്ന ശക്തിയെ ആദരിക്കുകയാണ്.

ഇന്ന് അധ്യാപകദിനം പുതിയൊരു താളം തേടുകയാണ്.ആ താളത്തിൽ ചോക്കിന്റെ ശബ്ദമുണ്ട്.ഡിജിറ്റൽ സ്ക്രീന്റെ പ്രകാശമുണ്ട്.പഴയ ഗുരുവിന്റെ വാക്കുകളുണ്ട്.പുതിയ തലമുറയുടെ ചോദ്യങ്ങളുണ്ട്.പുസ്തകത്തിന്റെ മണമുണ്ട്.സാങ്കേതികവിദ്യയുടെ വേഗമുണ്ട്.എന്നാൽ അതിന്റെ ഹൃദയത്തിൽ ഒന്നുമാത്രം നിലനിൽക്കണം,മനുഷ്യത്വം;അധ്യാപനത്തിന്റെ കേന്ദ്രത്തിൽ മനുഷ്യൻ ഉണ്ടെങ്കിൽ മാത്രമേ വിദ്യാഭ്യാസത്തിന് ആത്മാവുണ്ടാകൂ.
അല്ലെങ്കിൽ അത് വിവരങ്ങളുടെ ഒരു വലിയ ഗോഡൗൺ മാത്രമായി മാറും.അധ്യാപകൻ ആ ഗോഡൗണിന്റെ കാവൽക്കാരനല്ല.അവൻ വെളിച്ചത്തിന്റെ യാത്രക്കാരനാണ്.

ഒരു ദിവസം ഒരു അധ്യാപകൻ ക്ലാസ് മുറിയുടെ വാതിൽ അടച്ച് വീട്ടിലേക്ക് മടങ്ങും.അവന്റെ കൈയിലെ ചോക്ക് പൊടിഞ്ഞിരിക്കും.ബോർഡിലെ എഴുത്തുകൾ മായിച്ചിരിക്കും.ബെഞ്ചുകൾ ഒഴിഞ്ഞിരിക്കും.പക്ഷേ ആ ദിവസം പറഞ്ഞ ഒരു വാക്ക് ഒരു കുട്ടിയുടെ മനസ്സിൽ ബാക്കിയുണ്ടാകും.ഒരു പ്രോത്സാഹനം;ഒരു സ്വപ്നം;ഒരു വിശ്വാസം;ഒരു വെളിച്ചം.വർഷങ്ങൾക്കുശേഷം ആ കുട്ടി ജീവിതത്തിന്റെ ഏതെങ്കിലും വഴിത്തിരിവിൽ നിൽക്കുമ്പോൾ, അപ്രതീക്ഷിതമായി ആ അധ്യാപകന്റെ ശബ്ദം അവന്റെ ഉള്ളിൽ വീണ്ടും മുഴങ്ങും.“ഭയപ്പെടേണ്ട… മുന്നോട്ട് പോകൂ.”അവൻ മുന്നോട്ട് നടക്കും.അവിടെയാണ് ഒരു അധ്യാപകന്റെ വിജയം.ക്ലാസ് മുറിയിൽ അല്ല;ഒരു മനുഷ്യന്റെ ജീവിതത്തിൽ.

ഈ അധ്യാപകദിനത്തിൽ നമുക്ക് അധ്യാപകർക്ക് പൂക്കൾ മാത്രം നൽകാതിരിക്കാം.ഒരു ഓർമ്മ നൽകാം.ഒരു നന്ദി നൽകാം;ഒരു സ്നേഹം നൽകാം;ഒരിക്കൽ നമ്മെ പഠിപ്പിച്ച അധ്യാപകനെ വിളിച്ച്,“സാർ… ടീച്ചർ… നിങ്ങൾ പറഞ്ഞ ആ വാക്ക് ഞാൻ ഇന്നും മറന്നിട്ടില്ല”എന്ന് പറയാം.
ഒരുപക്ഷേ ആ വാക്ക് കേൾക്കാനായിരിക്കും ആ അധ്യാപകൻ ഇത്രയും കാലം കാത്തിരുന്നത്.അധ്യാപകന്റെ ഏറ്റവും വലിയ സമ്മാനം ഒരു ട്രോഫിയല്ല.ഒരു വിദ്യാർത്ഥിയുടെ ഓർമ്മയാണ്.അവന്റെ നന്ദിയാണ്.അവൻ ജീവിക്കുന്ന നല്ല ജീവിതമാണ്.

അധ്യാപകൻ ഒരു വിളക്കാണ്.സ്വയം കത്തിക്കൊണ്ട് മറ്റുള്ളവർക്ക് വെളിച്ചം നൽകുന്ന വിളക്ക്.പക്ഷേ ആ വെളിച്ചം ഒരു മുറിയിൽ മാത്രം നിൽക്കുന്നില്ല.ഒരു കുട്ടിയിൽ നിന്ന് മറ്റൊരാളിലേക്ക്.ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക്.ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക്.ഒരു കാലത്തിൽ നിന്ന് മറ്റൊരു കാലത്തിലേക്ക്.അങ്ങനെ അത് സഞ്ചരിച്ചുകൊണ്ടേയിരിക്കും.

ഒരു അധ്യാപകൻ ഒരിക്കൽ തെളിച്ച വിളക്ക് ഒരുപക്ഷേ നൂറുകണക്കിന് ഹൃദയങ്ങളിൽ തെളിഞ്ഞേക്കാം.അവൻ എഴുതിയ ഒരു വാക്ക് നൂറ് ജീവിതങ്ങളിൽ പുനർജനിച്ചേക്കാം.അവൻ നൽകിയ ഒരു ധൈര്യം ഒരു തലമുറയുടെ ആത്മവിശ്വാസമായി മാറിയേക്കാം.അതാണ് അധ്യാപകൻ /അധ്യാപിക എന്ന അത്ഭുത പ്രതിഭാസം.

അവൻ വിതയ്ക്കുന്നത് അക്ഷരങ്ങളാണ്.മുളയ്ക്കുന്നത് മനുഷ്യരാണ്.അവൻ പഠിപ്പിക്കുന്നത് പാഠങ്ങളാണ്.പൂക്കുന്നത് ജീവിതങ്ങളാണ്.അവൻ നൽകുന്നത് അറിവാണ്.തിരിച്ചുകിട്ടുന്നത് കാലമാണ്.അധ്യാപകദിനം വരുമ്പോൾ നമുക്ക് ഒരിക്കൽ കൂടി ആ പഴയ ക്ലാസ് മുറിയിലേക്ക് മടങ്ങിപ്പോകാം.

കറുത്ത ബോർഡിൽ ഇപ്പോഴും ഏതെങ്കിലും അക്ഷരം ബാക്കിയുണ്ടോ എന്ന് നോക്കാം.ചോക്കുപൊടിയിൽ ആ പഴയ സ്വപ്നം ഒളിച്ചിരിക്കുന്നുണ്ടോ എന്ന് നോക്കാം.ബെഞ്ചിന്റെ കോണിൽ നമ്മുടെ ബാല്യത്തിന്റെ ഒരു ചിരി ബാക്കിയുണ്ടോ എന്ന് കേൾക്കാം.അവിടെ, ഒരുപക്ഷേ, നമ്മുടെ അധ്യാപകൻ ഇപ്പോഴും നിൽക്കുന്നുണ്ടാകും.കൈയിൽ ഒരു ചോക്കുതുണ്ട്.മുഖത്ത് പഴയ പുഞ്ചിരി.കണ്ണുകളിൽ അതേ പ്രതീക്ഷ.മുന്നിൽ ഒരു പുതിയ തലമുറ.അദ്ദേഹം വീണ്ടും ബോർഡിൽ എഴുതിത്തുടങ്ങും.

“ജീവിതം ഒരു പാഠപുസ്തകമല്ല;
ഓരോ ദിവസവും എഴുതിത്തുടങ്ങേണ്ട ഒരു പുതിയ പാഠമാണ്.”അതിനരികിൽ നിൽക്കുന്ന അധ്യാപകൻ മൃദുവായി പറയും,“വായിക്കൂ…ചിന്തിക്കൂ…ചോദിക്കൂ…
മനുഷ്യനായി വളരൂ…”അതാണ് അധ്യാപകദിനത്തിന്റെ പുതിയ താളം.അതാണ് അതിന്റെ പുതിയ ഭാവം.അതാണ് അതിന്റെ ഏറ്റവും മനോഹരമായ കവിത.അവർ തെളിച്ച വെളിച്ചത്തിന്റെ പാഠം
ഒരിക്കലും അവസാനിക്കുന്നില്ല.അത് തുടർന്ന് കൊണ്ടേയിരിക്കും!

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )