
വിഷു – മാറുന്ന കാലം;മാറാത്ത ഓർമ്മകൾ
നെല്ലിയോട്ട് ബഷീർ എഴുതുന്നു ✍️
കേരളത്തിന്റെ സാംസ്കാരിക ജീവിതത്തിൽ കാലത്തിന്റെ ഒഴുക്കിനൊപ്പം മാറിക്കൊണ്ടിരിക്കുമ്പോഴും തന്റെ ആത്മാവ് നഷ്ടപ്പെടാതെ നിലകൊള്ളുന്ന ഒരു ഉത്സവമാണ് വിഷു. ഓരോ വർഷവും മേടസംക്രാന്തിയുടെ പ്രഭാതത്തിൽ എത്തുന്ന വിഷു,ഒരു പുതുവത്സരത്തിന്റെ തുടക്കമെന്ന നിലയിലും, ഒരു ആത്മീയ ഉണർവെന്ന നിലയിലും,ഒരു സാമൂഹിക അനുഭവമെന്ന നിലയിലും കേരളീയരുടെ ജീവിതത്തിൽ പ്രത്യേക സ്ഥാനമുണ്ട്.എന്നാൽ വിഷുവിന്റെ യഥാർത്ഥ സൗന്ദര്യം അതിന്റെ ആചാരങ്ങളിലും ഐതീഹ്യങ്ങളിലും മാത്രം ഒതുങ്ങുന്നില്ല;അത് മനുഷ്യരുടെ ഓർമ്മകളിലും ബന്ധങ്ങളിലും ആണ് ജീവിക്കുന്നത്.ബാല്യത്തിന്റെ ഓർമ്മകളിൽ വിഷു ഒരു മായാത്ത പ്രകാശമായി നിലനിൽക്കുന്നു.ബാല്യം എന്നത് മനുഷ്യജീവിതത്തിലെ ഏറ്റവും നിർമലമായ ഘട്ടമാണ്.ആ കാലഘട്ടത്തിൽ അനുഭവിക്കുന്ന ചെറിയ സന്തോഷങ്ങൾ പോലും പിന്നീട് ജീവിതത്തിൽ വലിയ ഓർമ്മകളായി മാറുന്നു. അതുകൊണ്ടുതന്നെ, ബാല്യകാലത്തെ ഉത്സവങ്ങൾ ഒരു സാധാരണ ആഘോഷമല്ല; അത് മനസ്സിന്റെ ആഴങ്ങളിൽ പതിഞ്ഞുനിൽക്കുന്ന അനുഭവങ്ങളാണ്.വിഷു അത്തരത്തിൽ ഒരു ഓർമ്മയുടെ പ്രകാശമാണ്.വിഷുവിന് പുലർകാലത്ത് എഴുനേറ്റ് കുളിച്ച് തയ്യാറാവുക എന്നത് ഒരു പ്രത്യേക അനുഭവമാണ്. ഇരുട്ടും വെളിച്ചവും തമ്മിലുള്ള അതിർത്തിയിൽ നിൽക്കുന്ന ഒരു നിമിഷം. ആ നിമിഷത്തിൽ കണ്ണുതുറക്കുമ്പോൾ ആദ്യം കാണേണ്ടത് “വിഷുക്കണി”യാണ്. കണിക്കലശത്തിൽ കണിക്കൊന്നപ്പൂവിന്റെ മഞ്ഞ നിറം, പച്ചക്കറികളും പഴങ്ങളും, അരിയും, കണ്ണാടിയും, നാണയങ്ങളും, നിലവിളക്കും എല്ലാം ചേർന്ന് ഒരുക്കുന്ന ആ ദൃശ്യത്തിൽ ഒരു സമ്പൂർണ്ണതയുണ്ട്. അത് ഒരു സാധാരണ കാഴ്ചയല്ല; അത് ഒരു പ്രതീകമാണ്.

സമൃദ്ധിയുടെ,സമാധാനത്തിന്റെ,ആത്മവിശ്വാസത്തിന്റെ.വിഷുക്കണിയെക്കുറിച്ചുള്ള വിശ്വാസം ഏറെ ആഴമുള്ളതാണ്.വിഷു ദിനത്തിന്റെ ആദ്യ കാഴ്ച വർഷം മുഴുവൻ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുമെന്നാണ് പരമ്പരാഗത വിശ്വാസം. അതുകൊണ്ടുതന്നെ, ഏറ്റവും മനോഹരവും സമൃദ്ധിയെയും പ്രതിനിധീകരിക്കുന്ന വസ്തുക്കളും ചേർത്ത് കണി ഒരുക്കുന്നു. കണ്ണാടി കണിയിൽ ഉൾപ്പെടുത്തുന്നത് മനുഷ്യനെ തന്നെ കാണാൻ പ്രേരിപ്പിക്കുന്ന ഒരു പ്രതീകമായി കണക്കാക്കപ്പെടുന്നു.ജീവിതത്തിന്റെ കേന്ദ്രത്തിൽ നിൽക്കുന്നത് നാം തന്നെയാണെന്ന തിരിച്ചറിവ്.വിഷുവിനോട് ചേർന്ന് നിൽക്കുന്ന ഐതീഹ്യങ്ങളും ഈ ഉത്സവത്തിന്റെ ആഴം വർധിപ്പിക്കുന്നു. കൃഷ്ണഭക്തിയുമായി ബന്ധപ്പെട്ട ഒരു പ്രധാന വിശ്വാസം വിഷുവിനോട് ബന്ധപ്പെട്ടിരിക്കുന്നു. കണിയിൽ ശ്രീകൃഷ്ണന്റെ വിഗ്രഹം സ്ഥാപിക്കുന്നത് ധർമ്മവും നന്മയും ജീവിതത്തിൽ നിറഞ്ഞുനിൽക്കട്ടെയെന്ന പ്രാർത്ഥനയാണ്.ചിലർ വിശ്വസിക്കുന്നത്, നരകാസുരനെ വധിച്ച ശേഷം കൃഷ്ണന്റെ വിജയത്തിന്റെ പ്രതീകമായും വിഷുവിനെ കാണാമെന്നാണ്.ഈ ഐതീഹ്യങ്ങൾ, ഉത്സവത്തെ ഒരു ആത്മീയതയിലേക്ക് ഉയർത്തുന്ന ഘടകങ്ങളാണ്.എന്നാൽ, വിഷുവിനെക്കുറിച്ചുള്ള ഒരു പ്രധാന തെറ്റിദ്ധാരണ സമൂഹത്തിൽ കാണപ്പെടുന്നുണ്ട്.അത് വിളവെടുപ്പ് ഉത്സവമാണെന്ന ധാരണയാണ്.യഥാർത്ഥത്തിൽ,കേരളത്തിലെ പ്രധാന വിളവെടുപ്പ് ഉത്സവം ഓണമാണ്.വിഷു അതിൽ നിന്ന് വ്യത്യസ്തമാണ്. വിഷു ഒരു സൗര പുതുവത്സര ദിനമാണ്.സൂര്യൻ മേട രാശിയിലേക്ക് പ്രവേശിക്കുന്ന മേടസംക്രാന്തി. ഇത് ഒരു കാലക്രമപരമായ മാറ്റത്തിന്റെ അടയാളമാണ്.വിഷു വിളവെടുപ്പിന്റെ ആഘോഷമല്ല; മറിച്ച് പുതിയ കൃഷിവർഷത്തിന്റെ തുടക്കവും പ്രതീക്ഷയും ആണ് സൂചിപ്പിക്കുന്നത്. കണിക്കൊന്നപ്പൂവിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. സ്വർണ്ണനിറത്തിൽ തിളങ്ങുന്ന ഈ പൂവ്, സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും അടയാളമായി കാണപ്പെടുന്നു. അതുകൊണ്ടുതന്നെ, കണിയിൽ സ്വർണ്ണവും കണിക്കൊന്നയും ഒരുമിച്ച് വയ്ക്കുന്നത് ഒരു സമ്പൂർണ്ണതയുടെ സൂചനയായി കണക്കാക്കപ്പെടുന്നു.ഐതീഹ്യപരമായും കണിക്കൊന്നയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. ചില വിശ്വാസങ്ങൾ പ്രകാരം, കണിക്കൊന്നയുടെ സ്വർണ്ണനിറം ലക്ഷ്മിദേവിയുടെ അനുഗ്രഹത്തെ പ്രതിനിധീകരിക്കുന്നു. അതിനാൽ, വിഷു ദിനത്തിൽ ഈ പൂവ് കാണുന്നത് സമൃദ്ധിയും ഐശ്വര്യവും ജീവിതത്തിൽ വരുമെന്ന് കരുതപ്പെടുന്നു.കണിക്കൊന്ന ഒരു ലളിതമായ ഗ്രാമീണ ജീവിതത്തിന്റെ പ്രതീകവുമാണ്. ഗ്രാമങ്ങളിലെ വഴിയോരങ്ങളിലും പറമ്പുകളിലും സ്വാഭാവികമായി വളരുന്ന ഈ വൃക്ഷം, ഒരുകാലത്ത് എല്ലാവർക്കും ലഭ്യമായ ഒരു പ്രകൃതി സമ്മാനമായിരുന്നു. കുട്ടികൾ കൂട്ടത്തോടെ പോയി കണിക്കൊന്നപ്പൂ കൊയ്യുകയും, വീട്ടിൽ കണി ഒരുക്കാൻ കൊണ്ടുവരികയും ചെയ്തിരുന്ന ഓർമ്മകൾ ഇന്നും പലർക്കും മനസ്സിലുണ്ട്.നഗരജീവിതത്തിന്റെ മാറ്റങ്ങളാൽ കണിക്കൊന്നയെ നേരിട്ട് കാണാനുള്ള അവസരങ്ങൾ കുറയുന്നുണ്ടെങ്കിലും, വിഷുവിന്റെ ആത്മാവിൽ അതിന്റെ സ്ഥാനം ഇപ്പോഴും നിലനിൽക്കുന്നു. ചിലർ വിപണിയിൽ നിന്ന് പൂ വാങ്ങി കണി ഒരുക്കുമ്പോഴും, ആ മഞ്ഞപ്പൂവിന്റെ പ്രതീകാത്മക അർത്ഥം മാറുന്നില്ല.കണിയിൽ വയ്ക്കുന്ന ധാന്യങ്ങളും പഴങ്ങളും, സമൃദ്ധിയുടെ പ്രതീകങ്ങളാണ്,കഴിഞ്ഞ വർഷത്തെ വിളവിന്റെ ആഘോഷമല്ല, വരാനിരിക്കുന്ന വർഷത്തിലെ സമൃദ്ധിയിലേക്കുള്ള പ്രതീക്ഷയാണ്.ഈ വ്യത്യാസം മനസ്സിലാക്കുന്നത് വിഷുവിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കുന്നതിനും സഹായിക്കുന്നു.ബാല്യകാലത്ത് വിഷു എത്തിയാൽ,കുട്ടികളുടെ ആവേശം കണിക്കാഴ്ചയിലോ കൈനീട്ടത്തിലോ മാത്രം ഒതുങ്ങിയിരുന്നില്ല. “പടക്കം വാങ്ങണം” എന്ന ആഗ്രഹം അതിനൊപ്പം തന്നെ ഉണ്ടായിരിക്കും. വിഷുക്കൈനീട്ടം കിട്ടിയാൽ,അതിൽ ഒരു ഭാഗം പടക്കം വാങ്ങാനായി മാറ്റിവയ്ക്കുന്നത് അന്ന് പതിവായിരുന്നു.

ചെറുപടക്കങ്ങൾ, പൊട്ടാസ്,കുണ്ടൻ,ബാണം,മാത്താപ്പ്, മേശപ്പൂ, പൂത്തിരി,ഇവയെല്ലാം വിഷുവിന്റെ ശബ്ദവും വെളിച്ചവും ആയിരുന്നു. എന്റെ കുട്ടിക്കാലത്ത് ഞങ്ങൾ പറങ്കിയണ്ടി പെറുക്കി വിറ്റ് അന്നത്തെ കാലത്തെ 500 രൂപക്ക് വീതം പടക്കം വാങ്ങാറുണ്ടായിരുന്നു. അതെല്ലാം കുഞ്ഞന്റെ വീട്ടിൽ ഇട്ട് പൊട്ടിച്ചും കത്തിച്ചും സമയം പോക്കും.ചെറിയ വിഷുവിന് തലേന്ന് തുടങ്ങുന്ന പൂരം വിഷുവിന്റെ പിറ്റേന്നാണ് അവസാനിക്കുക.വിഷുപടക്കത്തിന്റെ പ്രധാന സവിശേഷത, അത് ഒരു സന്തോഷത്തിന്റെ പ്രകടനമായിരുന്നു എന്നതാണ്.വലിയ മതപരമായ പ്രതീകത്വം ഇല്ലെങ്കിലും, ശബ്ദത്തിലൂടെയും വെളിച്ചത്തിലൂടെയും ആഘോഷം പ്രകടിപ്പിക്കുന്ന ഒരു രീതി. ഒരു വീട്ടിൽ പടക്കം പൊട്ടിയാൽ, അയൽവീട്ടിലും അതിന്റെ ശബ്ദം എത്തും. അങ്ങനെ,ഒരു വീട്ടിലെ സന്തോഷം മറ്റൊരിടത്തേക്കും പകരുന്ന ഒരു സാമൂഹിക അനുഭവം.വിഷു ഒരു പുതുവത്സരാരംഭമായതിനാൽ,ആഹ്ലാദം പ്രകടിപ്പിക്കാൻ ശബ്ദവും വെളിച്ചവും ഉപയോഗിച്ച ഒരു ജനകീയ ശീലം എന്ന രീതിയിലാണ് ഇത് തുടർന്ന് പോരുന്നത്..പഴയ തലമുറയുടെ ഓർമ്മകളിൽ വിഷുപടക്കം ഇന്നും ജീവനുള്ള ഒരു വസ്തു ആണ്.വിഷു പുലർച്ചെ കണികാണുകയും,പിന്നെ കൂട്ടുകാരോടൊപ്പം പുറത്തേക്ക് ഓടി പടക്കം പൊട്ടിച്ചതും,അത് ഒരു ചെറിയ കാര്യമായിരുന്നില്ല; അത് ബാല്യത്തിന്റെ വലിയ സന്തോഷങ്ങളിലൊന്നായിരുന്നു.ഈ ആചാരങ്ങളും ഐതീഹ്യങ്ങളും മാത്രമല്ല വിഷുവിനെ സവിശേഷമാക്കുന്നത്. അതിന്റെ ഏറ്റവും വലിയ ശക്തി മനുഷ്യബന്ധങ്ങളാണ്. പഴയകാലത്ത് വിഷു ഒരു കുടുംബത്തിന്റെ ആഘോഷമല്ല; ഒരു സമൂഹത്തിന്റെ ആഘോഷമായിരുന്നു. അയൽവീടുകളും, കൂട്ടുകാരും,ബന്ധുക്കളും എല്ലാം ചേർന്ന് ഒരു കൂട്ടായ്മയായി ആഘോഷിച്ചിരുന്ന ദിനം.എന്റെ ബാല്യകാലം അതിന്റെ ഒരു ചെറിയ പ്രതിബിംബമാണ്. ഞാൻ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച കുട്ടിയായിരുന്നെങ്കിലും, വിഷു എന്നത് എന്റെ ജീവിതത്തിൽ ഏറെ അടുപ്പമുള്ള ഒരു അനുഭവമായിരുന്നു. വിഷു പുലർച്ചെ, കൂട്ടുകാരുടെ വീട്ടിലേക്ക് ഓടിപ്പോകുന്നത് ഒരു പതിവായിരുന്നു. അവരുടെ വീട്ടിലെ കണിക്കാഴ്ചയിൽ ഞാൻ ഒരു അതിഥിയല്ലായിരുന്നു; ഒരു കുടുംബാംഗം തന്നെയായിരുന്നു.അവരുടെ അമ്മമാർ സ്നേഹത്തോടെ വിളിച്ചു കണിക്കാണിപ്പിക്കും. പിന്നെ കൈയിൽ കിട്ടുന്ന വിഷുക്കൈനീട്ടം!അത് ഒരു ചെറിയ തുകയായിരുന്നെങ്കിലും, അതിന്റെ പിന്നിലെ സ്നേഹവും സ്വീകരണവുമായിരുന്നു അതിന്റെ യഥാർത്ഥ വില. ആ നിമിഷങ്ങളിൽ മതഭേദങ്ങൾ അപ്രസക്തമായിരുന്നു. നമ്മൾ എല്ലാവരും ഒരേ ലോകത്തിലെ കുട്ടികളായിരുന്നു.ഈദിന് അവർ എന്റെ വീട്ടിലേക്ക് വരും. ഭക്ഷണം പങ്കിട്ടും,സന്തോഷം പങ്കിട്ടും,ആ ബന്ധം കൂടുതൽ ദൃഢമായി.ഈ പരസ്പര ഇടപെടലുകൾ ബാല്യത്തിൽ നമ്മെ പഠിപ്പിച്ചത് മനുഷ്യബന്ധങ്ങളുടെ യഥാർത്ഥ മൂല്യമാണ്,സ്നേഹം, പങ്കിടൽ,സഹവർത്തിത്വം.ഇന്ന് ആ കാലത്തെ ഓർക്കുമ്പോൾ വേദനയും സന്തോഷവും ഒരുമിച്ച് തോന്നുന്നു.ലോകം വളർന്നു,സൗകര്യങ്ങൾ വർധിച്ചു, മനുഷ്യർ തമ്മിലുള്ള അകലവും കൂടിയതായി തോന്നുന്നു. വിഷു ഇപ്പോഴും ആഘോഷിക്കപ്പെടുന്നു, പക്ഷേ അതിന്റെ ആത്മാവ് കുറച്ചൊക്കെ ചോർന്നു പോയിരിക്കുന്നോ?വീടുകളിലൊതുങ്ങിയ ആഘോഷങ്ങൾ, സോഷ്യൽ മീഡിയ പോസ്റ്റുകളിലൊതുങ്ങുന്ന ആശംസകൾ,ഇവയെല്ലാം ചേർന്നപ്പോൾ, പഴയകാലത്തെ ആ കൂട്ടായ്മയുടെ ചൂടും ചൂരും കുറയുന്നുവെന്നത് യഥാർഥ്യമാണ്.കുട്ടികളുടെ ബാല്യവും മാറിയിരിക്കുന്നു.മണ്ണിൽ കളിച്ചിരുന്ന കൈകൾ ഇന്ന് മൊബൈൽ സ്ക്രീനുകളിൽ ആരെയെല്ലാമോ തിരയുന്നു. കൂട്ടുകാരോടൊപ്പം ചിലവഴിച്ചിരുന്ന സമയം ഇന്ന് ഒറ്റപ്പെട്ട ഡിജിറ്റൽ ലോകങ്ങളിലേക്ക് ചുരുങ്ങുന്നു.വിഷു പോലുള്ള ഉത്സവങ്ങളുടെ സാമൂഹിക അർത്ഥം കുറയുന്നുവോ എന്ന ചോദ്യവും ഉയരുന്നു. ഉത്സവങ്ങൾ ഇനി ചടങ്ങുകളായി മാത്രം മാറുന്നുണ്ടോ? അതിന്റെ ആത്മാവ് നഷ്ടപ്പെടുന്നുണ്ടോ? എന്ന ചിന്തകൾ സ്വാഭാവികമാണ്.എങ്കിലും,ഓർമ്മകൾ ഒരിക്കലും നമ്മെ വിട്ടുപോകുന്നില്ല.വിഷു പുലർച്ചെ,നിലവിളക്കിന്റെ വെളിച്ചം,കണിക്കൊന്നപ്പൂവിന്റെ മഞ്ഞ നിറം,ഇവയെല്ലാം പഴയ നാളുകളെ വീണ്ടും നമ്മുടെ മുന്നിലേക്ക് കൊണ്ടുവരട്ടെ!ആ ഓർമ്മകളിൽ നമ്മൾ കാണുന്നത് ഒരു ലളിതമായ ജീവിതമല്ല; മനുഷ്യബന്ധങ്ങളുടെ സമ്പന്നതയാണ്.വിഷു നമ്മെ ഓർമ്മിപ്പിക്കുന്നത് സമൃദ്ധിയുടെ ആശയം മാത്രമല്ല, പങ്കിടലിന്റെ മഹത്വവുമാണ്. പുതുവത്സരത്തിന്റെ തുടക്കത്തിൽ നാം കാണേണ്ടത് വെറും കണിയല്ല,മനുഷ്യരുടെ ഇടയിലെ സ്നേഹവും സഹവർത്തിത്വവുമാണ്.പുതിയ തലമുറയ്ക്ക് ഈ മൂല്യങ്ങൾ കൈമാറേണ്ടത് അത്യാവശ്യമാണ്.വിഷു ഒരു ആചാരമായി മാത്രം തുടരാതെ,ഒരു അനുഭവമായി,ഒരു ബന്ധമായി,ഒരു ഓർമ്മയായി നിലനിൽക്കണം.കുട്ടികൾക്ക് വിഷുവിന്റെ യഥാർത്ഥ അർത്ഥം പറഞ്ഞു കൊടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്,അത് വെറും കണിക്കാഴ്ചയല്ല, മനുഷ്യബന്ധങ്ങളുടെ ഒരു പാഠമാണെന്ന്.കാലം മാറട്ടെ;ജീവിതം മുന്നോട്ട് പോവട്ടെ;പക്ഷേ ഒരു വിഷു പുലർച്ചെ നമ്മളെ വീണ്ടും മനുഷ്യരാക്കുന്ന ആ ബാല്യത്തിന്റെ ഓർമ്മകളെ നാം മനസ്സിൽ കെടാതെ സൂക്ഷിക്കട്ടെ!
പ്രിയ വായനക്കാർക്ക് ഹൃദ്യമായ വിഷു ആശംസകൾ
