
മണ്ണിടിച്ചിലിന്റെ സാഹചര്യത്തിൽ മന്ത്രിമാരോട് വയനാട്ടിലേക്കെത്താൻ നിർദേശം
- മീനങ്ങാടിയിൽ നിന്നുള്ള എൻ.ഡി.ആർ.എഫ് യൂണിറ്റ് ഉടൻ സംഭവ സ്ഥലത്തെത്തും.
മേപ്പാടി: മണ്ണിടിച്ചിലിന്റെ സാഹചര്യത്തിൽ മന്ത്രിമാരോട് വയനാട്ടിലേക്കെത്താൻ നിർദേശം. ജില്ലയിൽ നിന്നുള്ള മന്ത്രി ടി സിദ്ദിഖുമായി മുഖ്യമന്ത്രി വി ഡി സതീശൻ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ നിർദേശം നൽകുകയും ചെയ്തു. റവന്യൂ, കൃഷി മന്ത്രിമാരോടും വയനാട്ടിൽ എത്താൻ നിർദേശം നൽകി. മീനങ്ങാടിയിൽ നിന്നുള്ള എൻ.ഡി.ആർ.എഫ് യൂണിറ്റ് ഉടൻ സംഭവ സ്ഥലത്തെത്തും. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടിൽ എത്താൻ നിർദ്ദേശിച്ചു. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. കുറച്ച് മണിക്കൂറുകൾക്ക് മുൻപാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായത്.

സ്ഥലത്ത് നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. വാഹനങ്ങൾ അടക്കം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. തുരങ്ക പാതയ്ക്കായി കെട്ടി ഉണ്ടാക്കിയ കോൺക്രീറ്റ് മതിൽ ഉൾപ്പെടെ ഇടിഞ്ഞുവീണു.കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണ് ജില്ലയിൽ പെയ്തത്. തൊഴിലാളികളും റോഡിൽ ഉണ്ടായിരുന്ന യാത്രക്കാരും മണ്ണിനടിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആശങ്ക. ഒരാളെ രക്ഷപ്പെടുത്തി. കല്പറ്റയിൽ നിന്നുള്ള അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് എത്തി. ബത്തേരിയിൽ നിന്നും മാനന്തവാടിയിൽ നിന്നും കൂടുതൽ യൂണിറ്റുകൾ മേപ്പാടിയിലേക്ക് തിരിച്ചു.
