
മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ കടുത്ത എതിർപ്പുമായി ഒരുസംഘം മന്ത്രിമാർ രംഗത്ത്
- ഗുരുവായൂർ ദേവസ്വം ബോർഡിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ഏകപക്ഷീയമായി നിലപാട് സ്വീകരിച്ചിട്ടില്ലെന്നും തന്നോട് കൂടിയാലോചിച്ചിരുന്നതായി കെ മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം : മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ കടുത്ത എതിർപ്പുമായി ഒരുസംഘം മന്ത്രിമാർ രംഗത്ത്. പുതിയ പിഎസി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി യോഗത്തിൽ മുന്നോട്ടുവച്ചതോടെ മന്ത്രിമാർ എതിർപ്പുയർത്തുകയായിരുന്നു. എപി അനിൽകുമാറാണ് മുഖ്യമന്ത്രിക്കെതിരെ ആദ്യം രംഗത്തുവന്നത്. ഇതിന് പിന്നാലെ സണ്ണി ജോസഫും രംഗത്തെത്തിയതായാണ് റിപ്പോർട്ടുകൾ. വിഡി സതീശൻ സർക്കാർ അധികാരത്തിലേറി ആറ് മാസം പൂർത്തിയാകുന്ന ഘട്ടത്തിലാണ് അസാധാരണമായ രീതിയിൽഭരണപക്ഷത്തെ പ്രശ്നങ്ങൾ മറനീക്കി പുറത്തുവരുന്നത്.

ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് തർക്കം തുടരുന്നതിനിടെയാണ് യോഗത്തിൽ അഞ്ച് പിഎസ് സി അംഗങ്ങളുടെ പേര് മുഖ്യമന്ത്രി നിർദേശിച്ചത്.പിഎസ് സി അംഗങ്ങളുടെ പട്ടിക എവിടെയാണ് ചർച്ച ചെയ്‌തതെന്ന് എപി അനിൽ കുമാർ മുഖ്യമന്ത്രിയോട് ചോദിച്ചു. നേരത്തെ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ കാര്യത്തിലും കൂടിയാലോചന ഉണ്ടായില്ലെന്ന് അനിൽകുമാർ പറഞ്ഞു. ഇക്കാര്യത്തിൽ തനിക്കും പരാതിയുണ്ടെന്നും മുഖ്യമന്ത്രിയെടുക്കുന്ന പല തീരുമാനങ്ങളും അറിയുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം ഗുരുവായൂർ ദേവസ്വം ബോർഡിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ഏകപക്ഷീയമായി നിലപാട് സ്വീകരിച്ചിട്ടില്ലെന്നും തന്നോട് കൂടിയാലോചിച്ചിരുന്നതായി കെ മുരളീധരൻ പറഞ്ഞു.
