
മലബാർ മേഖലയിലെ മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനങ്ങൾ കടുത്ത പ്രതിസന്ധിയിൽ
- കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങി നാല് പ്രധാന ജില്ലകളിലാണ് മാസങ്ങളായി റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നത്.
കോഴിക്കോട്: മലബാർ മേഖലയിലെ മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനങ്ങൾ കടുത്ത പ്രതിസന്ധിയിൽ. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങി നാല് പ്രധാന ജില്ലകളിലാണ് മാസങ്ങളായി റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നത്. വിരമിക്കലും സ്ഥലംമാറ്റവും മൂലമുണ്ടായ ഈ ഒഴിവുകൾ യഥാസമയം നികത്താൻ അധികൃതർ വൈകുന്നതാണ് നിലവിലെ ഭരണപ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.കോഴിക്കോട് ആർടിഒ കഴിഞ്ഞ ഏപ്രിൽ 30നാണ് സർവീസിൽ നിന്നും വിരമിച്ചത്.

മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ പുതിയ ഉദ്യോഗസ്ഥൻ ഈ സ്ഥാനത്ത് ചുമതലയേറ്റിട്ടില്ല.കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ ആർടിഒ ഓഫീസായ വടകരയിലും സ്ഥിതി സമാനമാണ്. വടകര ആർടിഒയുടെ കസേരയും നിലവിൽ ഒഴിഞ്ഞു കിടക്കുകയാണ്. ഇതിന് പുറമെ വടക്കൻ കേരളത്തിലെ മറ്റ് പ്രധാന ജില്ലകളായ വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലും ആർടിഒമാരില്ല. കാസർകോട് ആർടിഒയ്ക്ക് സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്നാണ് അവിടെ ഒഴിവ് വന്നത്.ഉയർന്ന ഉദ്യോഗസ്ഥരുടെ അഭാവം ജില്ലകളിലെ മോട്ടോർ വാഹന വകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങളെ പാടെ താളം തെറ്റിച്ചിരിക്കുകയാണ്.
