
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന സംസ്ഥാനത്തിന്റെ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ ;നിലപാട് മാറാൻ ഒരുക്കമല്ലെന്ന് തമിഴ്നാട്
- ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന സതേൺ കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന സംസ്ഥാനത്തിന്റെ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. പുതിയ അണക്കെട്ടിൻ്റെ മുഴുവൻ ചെലവും കേരളം വഹിക്കുമെന്നും ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന സതേൺ കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയിലാണ് ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗം ചേരുന്നത്.പുതിയ ഡാം എവിടെ നിർമിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം തമിഴ്നാടിന് വിട്ടുനൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ ഡാം നിർമിക്കുന്നതിനുള്ള മുഴുവൻ ചിലവും കേരളം വഹിക്കാമെന്ന് വാഗ്ദാനം ചെയ്തു. പുതിയ ഡാമിൽ നിന്നുള്ള വെള്ളം പൂർണ്ണമായും തമിഴ്‌നാടിന് തന്നെ നൽകാമെന്നും കേരളം ഉറപ്പുനൽകി.

അതേസമയം. നിലപാട് മാറാൻ ഒരുക്കമല്ലെന്നാണ് തമിഴ്നാട് ആവർത്തിച്ചത്. ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പറഞ്ഞു. ജലനിരപ്പ് 152 അടിയാക്കിയാൽ മാത്രമേ തമിഴ്‌നാട്ടിലെ കാർഷിക ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുകയുള്ളൂ എന്നും വിജയ് പറഞ്ഞു
