
മേപ്പയ്യൂർ-നെല്ല്യാടി റോഡ് ; 2.49 കോടി രൂപ അനുവദിച്ചു
- ഭൂമി ഏറ്റെടുക്കൽ നടപടി നീളുന്നു
കൊയിലാണ്ടി: ഗതാഗതം ദുഷ്‌ക്കരമായ കൊല്ലം -നെല്യാടി-മേപ്പയ്യൂർ റോഡിൽ നെല്യാടി മുതൽ മേപ്പയ്യൂർ ഭാഗത്ത് റോഡ് പുനരുദ്ധരിക്കാൻ രണ്ട് കോടി 49 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് ഭരണാനുമതിയായി . അടിയന്തിര പ്രാധാന്യമുളള പ്രവൃത്തിയായതിനാൽ സെപ്റ്റംബർ രണ്ടിന് പ്രവൃത്തി ടെണ്ടർ ചെയ്യുമെന്ന് ടി.പി.രാമകൃഷ്ണൻ എംഎൽഎയുടെ ഓഫീസ് അറിയിച്ചു.കൊല്ലം നെല്യാടി മേപ്പയ്യൂർ റോഡ് നവീകരണത്തിന് നേരത്തെ 38.96 കോടി രൂപകിഫ്ബിയിൽ നിന്നും ധനകാര്യ അനുമതി ലഭിച്ചിരുന്നു.
അതേ സമയം റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടി നീളുകയാണ്. നിലവിൽ റോഡിന്റെ താൽക്കാലിക അറ്റകുറ്റ പണിക്ക് നേരത്തെ 1.70 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ജൂലായ് ഓഗസ്റ്റ് മാസങ്ങളിലുണ്ടായ കനത്ത മഴയും ജലജീവൻ പൈപ്പുകൾക്കാവശ്യമായ കുഴികളും ഒരാഴ്‌ചയായി റോഡിൽ ചെറിയ തോതിലുളള കുഴിയടക്കൽ നടക്കുന്നുമുണ്ട്. റോഡ് നവീകരണത്തിനായി 1.70 കോടിയെന്നത് 2.49 കോടിയായി തുക ഉയർത്തുകയും ചെയ്തിട്ടുണ്ട്.

നേരത്തെ ധനകാര്യാനുമതി ലഭിച്ച 38.96 കോടി രൂപയുടെ റോഡ് വികസന പ്രവൃത്തി യാഥാർത്യമാക്കണമെങ്കിൽ സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയാകണം. നെല്യാടിപ്പാലം മുതൽ മേപ്പയ്യൂർ ഭാഗം വരെ ജല ജീവൻ പദ്ധതിയുടെ പൈപ്പിടൽ പ്രവർത്തിയും കനത്ത മഴയും റോഡിന്റെ സ്ഥിതിയെ മോശമാക്കിയിട്ടുണ്ട്.