
രാജ്യത്തിൻറെ പുതിയ സംയുക്ത സൈനിക മേധാവിയായി ജനറൽ എൻ.എസ്. രാജാ സുബ്രഹ്മണി സ്ഥാനമേറ്റെടുത്തു
- 2025 സെപ്റ്റംബർ ഒന്നു മുതൽ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിൽ മിലിട്ടറി അഡ്വൈസറായി സേവനമനുഷ്‌ഠിച്ചു വരികയാണ് രാജാ സുബ്രഹ്മണി
ദില്ലി: രാജ്യത്തിൻറെ പുതിയ സംയുക്ത സൈനിക മേധാവിയായി ജനറൽ എൻ.എസ്. രാജാ സുബ്രഹ്മണി സ്ഥാനമേറ്റെടുത്തു. സ്ഥാനമേൽക്കുന്നതിന് മുന്നോടിയായി ദേശീയ യുദ്ധ സ്മാരകത്തിൽ സംയുക്ത സൈനിക മേധാവി പുഷ്പ ചക്രം ആർപ്പിച്ചു. സൗത്ത് ബ്ലോക്കിൽ ആചാരപരമായ വരവേൽപ്പും ഗാർഡ് ഓഫ് ഓണറും നൽകി. ഇന്നലെ ജനറൽ അനിൽ ചൗഹാൻ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. 2025 സെപ്റ്റംബർ ഒന്നു മുതൽ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിൽ മിലിട്ടറി അഡ്വൈസറായി സേവനമനുഷ്‌ഠിച്ചു വരികയാണ് രാജാ സുബ്രഹ്മണി. 2024 ജൂലൈ 1 മുതൽ 2025 ജൂലൈ 31 വരെ കരസേന ഉപമേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.2023 മാർച്ച് മുതൽ 2024 ജൂൺ വരെ സെൻട്രൽ കമാൻഡ് ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആയു സേവനം അനുഷ്ഠിച്ചു.

1985 ഡിസംബറിൽ ഗർവാൾ റൈഫിൾസിലാണ് സൈനിക സേവനത്തിന് തുടക്കമിട്ടത്. ഇന്ത്യൻ സൈന്യത്തിൽ 37 വർഷത്തിലേറെ നീണ്ട സേവന പാരമ്പര്യം അദ്ദേഹത്തിനുണ്ട്. തെക്കേ ഇന്ത്യയിൽ നിന്ന് സംയുക്ത സൈനിക മേധാവിസ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാണ് ജനറൽ എൻ എസ് രാജാ സുബ്രഹ്മണി. ഓപ്പറേഷൻ സിന്ദൂരിലടക്കം നിർണായക പങ്ക് വഹിച്ച വ്യക്തിയാണ്. തിയേറ്റർ കമാൻഡ് അടക്കം നടപ്പിലാക്കാൻ നടപടികൾ തുടരുന്നതിനിടയിലാണ് നിർണായക നിയമനം.
