
ലഹരിക്കേസിൽ അധ്യാപകർ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
- കുട്ടികളെ നേരായ മാർഗത്തിൽ കൂടി നയിക്കേണ്ട അധ്യാപകർ ചെയ്തത് ഗുരുതരമായ കാര്യമെന്നും മന്ത്രി പറഞ്ഞു.
കൊച്ചി: ലഹരിക്കേസിൽ അധ്യാപകർ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. മരണത്തിന്റെ വ്യാപാരികളായി അധ്യാപകർ മാറിയത് എങ്ങനെ അംഗീകരിക്കാൻ കഴിയും. കുട്ടികളെ നേരായ മാർഗത്തിൽ കൂടി നയിക്കേണ്ട അധ്യാപകർ ചെയ്തത് ഗുരുതരമായ കാര്യമെന്നും മന്ത്രി പറഞ്ഞു. അതേസമയം വടകര എംഡിഎംഎ കേസിൽ നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. അറസ്റ്റിലായ അധ്യാപകർ എംഡിഎംഎ വിറ്റുകിട്ടിയ പണമെല്ലാം അയച്ചത് ഒരു വ്യക്തിയിലേക്കെന്നാണ് സംശയം. വയനാട് സ്വദേശിയായ യുവാവാണ് എംഡിഎംഎയുടെ മൊത്തവിതരണക്കാരനെന്നും അറസ്റ്റിലായവരെല്ലാം ഇയാളുടെ ശൃംഖലയിലെ കണ്ണികൾ മാത്രമാണെന്നുമാണ് പോലീസിന്റെ നിഗമനം.കേരളം വിട്ടുകടന്ന ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

അറസ്റ്റിലായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് മാത്രം ഒരു കോടിയിലേറെ രൂപയാണ് ഇയാൾ നിർദേശിച്ച അക്കൗണ്ടുകളിലേക്കും ക്യുആർ കോഡുകളിലേക്കും അയച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഇടനിലക്കാരാക്കി അവരുടെ അക്കൗണ്ട് വഴി പണം സ്വീകരിക്കുന്ന രീതിയാണ് കേസിൽ പരീക്ഷിച്ചിരുന്നത്. ഒരു അക്കൗണ്ടിലേക്ക് മാത്രം നൂറിലേറെ പേരാണ് പണം അയച്ചിട്ടുള്ളത്. ലഹരിയുടെ മുഖ്യവിതരണക്കാരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനോട് പങ്കുവയ്ക്കാൻ അറസ്റ്റിലായ കാവ്യ, കീർത്തന, നീഷ്മ എന്നീ അധ്യാപകർ തയാറായിട്ടില്ല. അറസ്റ്റിലായവരുടെ അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങൾ എത്തിയെന്നാണ് കണ്ടെത്തൽ. ഈ പണം നർക്കോട്ടിക് ബിസിനസ് വഴി ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞാൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനാണ് പോലീസിന്റെ നീക്കം. പിടിക്കപ്പെടാതിരിക്കാൻ പ്രതികൾ വിദേശ ഫോൺ നമ്പറുകളാണ് ഉപയോഗിച്ചിരുന്നത് എന്ന വിവരവും പോലീസിന് ലഭിച്ചു.
