
വിമാന ഇന്ധനവിലവർധന എയർ ഇന്ത്യയും ഇൻഡിഗോയയും ആഭ്യന്തര സർവീസുകളുടെ എണ്ണം താൽക്കാലികമായി വെട്ടിക്കുറയ്ക്കും
- ഇരുകമ്പനികളും റദ്ദാക്കുന്ന സർവീസുകളുടെ എണ്ണം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല
ന്യൂഡൽഹി: വിമാന ഇന്ധനവിലവർധനയുടെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയും ഇൻഡിഗോയയും അടുത്ത 2-3 മാസങ്ങളിലായി ആഭ്യന്തര സർവീസുകളുടെ എണ്ണം താൽക്കാലികമായി വെട്ടിക്കുറയ്ക്കും. എയർ ഇന്ത്യ 22% സർവീസുകളും ഇൻഡിഗോ 7 മുതൽ 10% സർവീസുകളും കുറയ്ക്കുമെന്നാണ് അനൗദ്യോഗിക വിവരം. ഇരുകമ്പനികളും റദ്ദാക്കുന്ന സർവീസുകളുടെ എണ്ണം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

യാത്രാപ്രതിസന്ധി രൂക്ഷമാക്കുമെന്നതിനു പുറമേ യാത്രാക്കൂലി കൂടാനും തീരുമാനം വഴിയൊരുക്കും. പശ്ചിമേഷ്യൻ സംഘർഷമുണ്ടാക്കിയ ആഘാതം കണക്കിലെടുത്ത് ജൂൺ മുതൽ ഓഗസ്റ്റ് വരെ പ്രതിവാരം 140ലേറെ രാജ്യാന്തരസർവീസുകൾ മുൻപ് എയർ ഇന്ത്യ റദ്ദാക്കിയിരുന്നു. 7 രാജ്യാന്തര റൂട്ടുകളിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കും. ബാക്കിയുള്ള റൂട്ടുകളിൽ സർവീസുകളുടെ എണ്ണം ഗണ്യമായി വെട്ടിക്കുറയ്ക്കും. എയർ ഇന്ത്യയുടെ മൊത്തം രാജ്യാന്തര സർവീസുകളുടെ 27 ശതമാനത്തോളം കുറയുമെന്നാണ് വിലയിരുത്തൽ.വിമാന ഇന്ധനവില കുതിച്ചുയർന്നതും സംഘർഷം മൂലമുള്ള വ്യോമഗതാഗതനിയന്ത്രണവുമാണ് തിരിച്ചടിയായത്.
