
വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെച്ചിട്ടുള്ള സ്വതന്ത്രവ്യാപാരക്കരാറുകൾ യുവജനങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ തുറക്കുന്നെന്ന് പ്രധാനമന്ത്രി
തൊഴിൽമേളയിൽ 51,000 നിയമന ഉത്തരവുകൾ വെർച്വലായി വിതരണംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ന്യൂഡൽഹി : വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെച്ചിട്ടുള്ള സ്വതന്ത്രവ്യാപാരക്കരാറുകൾ യുവജനങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ തുറക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തൊഴിൽമേളയിൽ 51,000 നിയമന ഉത്തരവുകൾ വെർച്വലായി വിതരണംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 സ്വതന്ത്ര വ്യാപാരക്കരാറുകളിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ടെന്നും സാധ്യതകളുടെ പുതിയ വാതായനങ്ങളാണ് അതു തുറക്കുന്നതെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ യുവജനങ്ങളുടെ കഴിവുകൾ ലോകത്തിന്റെ വിശ്വാസം നേടിക്കഴിഞ്ഞു. ഇന്ത്യൻ സംരംഭകരിൽനിന്നും യുവശക്തിയിൽനിന്നും വലിയ പ്രതീക്ഷയാണ് ലോകത്തിനുള്ളതെന്നും മോദി പറഞ്ഞു.

ബ്രിക്സ് ഉച്ചകോടിയെക്കുറിച്ച് സൂചിപ്പിച്ച്, അതു സർക്കാരുകളുടെമാത്രം സഹകരണമല്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.സംരംഭകരും കർഷകരും സ്ത്രീകളും യുവാക്കളുമെല്ലാം ആ സഹകരണത്തിൽ സജീവപങ്കാളികളാകണം. ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ്. രാജ്യത്ത് സ്റ്റാർട്ടപ്പുകൾ വൻകിട നഗരങ്ങളെമാത്രം കേന്ദ്രീകരിച്ചല്ല ചെറുകിട നഗരങ്ങളിലുമുണ്ട്. അതിൽ ഇന്ത്യയിലെ യുവജനശക്തി പ്രതിഫലിക്കുന്നുണ്ട്. 2047-ൽ വികസിതഭാരതമാവുകയെന്ന സുപ്രധാന ലക്ഷ്യത്തിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുകയാണെ ന്നും പ്രധാനമന്ത്രി പറഞ്ഞു. പൗരരെ ദൈവത്തെപ്പോലെ കാണണമെന്ന് പുതുതായി നിയമനം ലഭിച്ചവരോട് മോദി ഉപദേശിച്ചു.സർവീസിലിരിക്കുമ്പോൾ സ്വാശ്രയ ഇന്ത്യക്കായി പ്രവർത്തിക്കണം.യുവജനങ്ങളെന്ന നിലയിൽ മറ്റു യുവാക്കളോട് പ്രത്യേക കടമയുണ്ടെന്നും മോദി പറഞ്ഞു.
