
വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന്
- രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
തിരുവനന്തപുരം : പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐക്യജനാധിപത്യ മുന്നണി (യുഡിഎഫ്) കേരളത്തിൽ ഭരണത്തിലേക്ക് തിരിച്ചെത്തുന്നു. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഇന്ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.നിർണായകമായ ചർച്ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും ഒടുവിലാണ് പൂർണ്ണ മന്ത്രിസഭഅധികാരമേൽക്കാൻ ഒരുങ്ങുന്നത്. നാല് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് ഒരു സമ്പൂർണ്ണ ക്യാബിനറ്റ് ഒന്നിച്ചു സത്യപ്രതിജ്ഞ ചെയ്യുന്നത് എന്ന ചരിത്രപരമായ പ്രത്യേകതയും ഈ ചടങ്ങിനുണ്ട്. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളിൽ തന്നെ 21 അംഗ മന്ത്രിസഭയെ നിശ്ചയിക്കാൻ യുഡിഎഫ് നേതൃത്വത്തിന് സാധിച്ചു.പരിചയസമ്പന്നരായ നേതാക്കളും യുവനിരയും ഉൾപ്പെടുന്നതാണ് പുതിയ മന്ത്രിസഭ. സത്യപ്രതിജ്ഞാ ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ അരലക്ഷം പേരെ ഉൾക്കൊള്ളുന്ന കൂറ്റൻ പന്തലാണ് ഒരുക്കിയിരിക്കുന്നത്. പാസ് ഉള്ള 12,000 പേർക്ക് പന്തലിനുള്ളിൽ ഇരിക്കാനുള്ള സൗകര്യമുണ്ടാകും.

രാവിലെ ഏഴ് മണി മുതൽ തന്നെ ആളുകളെ പന്തലിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പുതിയ സർക്കാരിന്റെ അധികാരലബ്ധി ആഘോഷമാക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് യുഡിഎഫ് പ്രവർത്തകരാണ് തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തുന്നത്. മലബാർ മേഖലയിൽ നിന്നുള്ള ട്രെയിനുകൾ പ്രവർത്തകരെ കൊണ്ട് നിറഞ്ഞ നിലയിലായിരുന്നു. സെക്രട്ടറിയേറ്റിന് ചുറ്റും പ്രവർത്തകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.പ്രവേശന കവാടങ്ങളെയും പാസ്സുകളെയും സംബന്ധിച്ച് ചിലയിടങ്ങളിൽ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. കണ്ണൂർ, പാലക്കാട് തുടങ്ങിയ ദൂരസ്ഥലങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ ശരിയായ ഗേറ്റ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നതായി റിപ്പോർട്ടുകളുണ്ട്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സെക്രട്ടറിയേറ്റിന്റെ നോർത്ത് ഗേറ്റ് ഭാഗത്തുനിന്നും കന്റോൺമെന്റ് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്നില്ല.
