
സംസ്ഥാനത്തിന്റെ വൈദ്യുതി ഉപഭോഗത്തിൽ അഞ്ചുവർഷത്തിനിടെ 800 കോടി യൂണിറ്റിന്റെ വർധന
- ഓരോ വർഷവും വേനൽച്ചൂട് ഉയരുന്നതും അതിനനുസരിച്ച് എ.സി. ഉപയോഗിക്കുന്നവരുടെ എണ്ണത്തിലെ വർധനയുമാണ് ഉപഭോഗം ഉയരാനുള്ള പ്രധാനകാരണം
തിരുവനന്തപുരം :സംസ്ഥാനത്തിന്റെ വൈദ്യുതി ഉപഭോഗത്തിൽ അഞ്ചുവർഷത്തിനിടെ 800 കോടി യൂണിറ്റിന്റെ വർധന. ഓരോ വർഷവും വേനൽച്ചൂട് ഉയരുന്നതും അതിനനുസരിച്ച് എ.സി. ഉപയോഗിക്കുന്നവരുടെ എണ്ണത്തിലെ വർധനയുമാണ് ഉപഭോഗം ഉയരാനുള്ള പ്രധാനകാരണം.അഞ്ചുവർഷത്തിനിടെ ഏകദേശം 30 ലക്ഷത്തോളം പേർ എ.സി. ഉപയോഗത്തിലേക്കു മാറിയതായാണ് കണക്ക്. ഉപഭോഗം കുതിച്ചുയരുന്നതനുസരിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനത്തിൽ വർധനയുണ്ടാകുന്നുമില്ല. സമീപഭാവിയിൽ അതിരൂക്ഷമായവൈദ്യുതിപ്രതിസന്ധിയാകും സംസ്ഥാനം അഭിമുഖീകരിക്കേണ്ടിവരുക.

വൈദ്യുതിബോർഡിന്റെ കണക്കുപ്രകാരം 2021-’22 സാമ്പത്തികവർഷം ഉപഭോക്താക്കൾക്ക് വിറ്റത് 2,349 കോടി യൂണിറ്റ് വൈദ്യുതിയായിരുന്നു. 2025-’26 വർഷം ഇത് 3,147 കോടി യൂണിറ്റായി ഉയർന്നു. 2026-’27-ൽ ഇത് 350 കോടി യൂണിറ്റായി ഉയരുമെന്നാണ് കരുതുന്നത്. 2023-ൽ 4.8 ലക്ഷം എ.സി.കളാണ് കേരളത്തിൽ വിറ്റത്. 2024-ൽ ഇത് ഏഴ് ലക്ഷത്തിലധികമായി. 2025-ൽ അഞ്ച് ലക്ഷം എ.സി.കളാണ് വിറ്റത്. സംസ്ഥാനത്ത് 2021 മുതൽ 2026 മാർച്ചുവരെ ഏകദേശം 30 ലക്ഷത്തോളം എ.സി.കളാണ് വിറ്റത്.
