
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സംവാദത്തിന് തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
- മുഖ്യമന്ത്രിയുടെ നുണക്കൊട്ടാരം പൊളിക്കുമെന്നും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമം മുഖ്യമന്ത്രി നിർത്തണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
തിരുവനന്തപുരം :സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സംവാദത്തിന് തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേന്ദ്രത്തിനെതിരായ മുഖ്യമന്ത്രിയുടെ സമരം ജനശ്രദ്ധ തിരിക്കാനാണെന്നും തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സർക്കാരിന്റെ നേട്ടം അവതരിപ്പിക്കുകയാണ് വേണ്ടതെന്നും അതല്ലാതെ ഇപ്പോൾ നടത്തുന്ന സമരം നാടകമാണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. യുപിഎ സർക്കാർ കേരളത്തിന് 72,000 കോടിയാണ് നൽകിയത്.മോദി സർക്കാർ 3.2 ലക്ഷം കോടി സംസ്ഥാന സർക്കാരിന് നൽകി.പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ കടം മൂന്ന് മടങ്ങായി വർധിച്ചു.തൊഴിലില്ലായ്മ 30ശതമാനമായി ഉയർന്നു. വിലക്കയറ്റം 8.27ശതമാനമായും വർധിച്ചു.

സംസ്ഥാനത്ത് 54 ലക്ഷം വീട്ടിൽ കുടിവെള്ളമില്ല. 5.5 ലക്ഷം പേർക്ക് വീടില്ല. ഇത്തരത്തിൽ യഥാർത്ഥ വസ്തുതകളുടെ തെളിവുകൾ നിരത്തി മുഖ്യമന്ത്രിയുടെ നുണക്കൊട്ടാരം പൊളിക്കുമെന്നും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമം മുഖ്യമന്ത്രി നിർത്തണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
