
സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും വികസന കുതിപ്പിനും ക്ഷേമ പദ്ധതികൾക്കും ശക്തമായ അടിത്തറ പാകാൻ ആറ് മാസം കൊണ്ട് സാധിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
സ്ത്രീകൾക്കുള്ള ‘പ്രിയദർശിനി യാത്രാ’ പദ്ധതി നടപ്പിലാക്കിയതും രാജ്യത്ത് ആദ്യമായി മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചതും സർക്കാരിന്റെ പ്രധാന നേട്ടങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും വികസന കുതിപ്പിനും ക്ഷേമ പദ്ധതികൾക്കും ശക്തമായ അടിത്തറ പാകാൻ ആറ് മാസം കൊണ്ട് സാധിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ആദ്യഘട്ടത്തിൽ തന്നെ നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്. സ്ത്രീകൾക്കുള്ള ‘പ്രിയദർശിനി യാത്രാ’ പദ്ധതി നടപ്പിലാക്കിയതും രാജ്യത്ത് ആദ്യമായി മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചതും സർക്കാരിന്റെ പ്രധാന നേട്ടങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആശാ വർക്കർമാർ, പാചക തൊഴിലാളികൾ തുടങ്ങിയ സാധാരണക്കാരുടെ വരുമാന വർധനവിനും കുടിശികകൾ തീർപ്പാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം നിയമസഭയിൽ സമർപ്പിച്ചത് ഭാവി പദ്ധതികൾക്കുള്ള അടിസ്ഥാന രേഖയായി മാറി. ‘സഹാനുഭൂതിയോടു കൂടിയുള്ള സദ്ഭരണം’ എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഡിസംബർ ആദ്യവാരം ഭിന്നശേഷിക്കാർക്കായുള്ള പുതിയ പദ്ധതി പ്രഖ്യാപിക്കും. രാജ്യത്തിന് മാതൃകയാകുന്ന ഭിന്നശേഷി പദ്ധതി, മുതിർന്ന പൗരന്മാരുടെ പദ്ധതി, ഡിസാസ്റ്റർ മാനേജ്മെന്റ്റ് റെസീലിയൻസ് പ്രോജക്ട് എന്നിവ സമയബന്ധിതമായി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
