
റെയിൽവേ യാത്രാപ്രശ്നങ്ങൾ ഉന്നയിക്കാൻ രാജേഷ് കീഴരിയൂരിന് പുതിയ ചുമതല കൊയിലാണ്ടിയുടെ റെയിൽവേ വികസനത്തിന് പ്രതീക്ഷ
രാജേഷ് കീഴരിയൂരിനെ ഷാഫി പറമ്പിൽ എംപിയുടെ പ്രതിനിധിയായി പാലക്കാട് റെയിൽവേ ഡിവിഷൻ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി (DRUCC) അംഗമായി നാമനിർദേശം ചെയ്തു
കൊയിലാണ്ടി കൊയിലാണ്ടിയിലെ യാത്രക്കാരുടെ നിരന്തരമായ യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും റെയിൽവേ വികസനത്തിന് ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനുമായി രാജേഷ് കീഴരിയൂരിനെ ഷാഫി പറമ്പിൽ എംപിയുടെ പ്രതിനിധിയായി പാലക്കാട് റെയിൽവേ ഡിവിഷൻ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി (DRUCC) അംഗമായി നാമനിർദേശം ചെയ്തു. ഇതുസംബന്ധിച്ച് പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിൽനിന്ന് ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടുവർഷമാണ് കാലാവധി.വർഷങ്ങളായി കൊയിലാണ്ടിയിലെ യാത്രക്കാർ നേരിടുന്ന യാത്രാക്ലേശങ്ങൾക്കും ആവശ്യത്തിന് റെയിൽവേ വികസനം ഉണ്ടാകാത്ത സാഹചര്യത്തിനും പരിഹാരം കാണാൻ ഈ നിയമനം സഹായകമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
റെയിൽവേയുടെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനും നിലവിലുള്ള സ്റ്റോപ്പുകൾ നിലനിർത്തുന്നതിനും ആവശ്യങ്ങൾ ഉന്നയിക്കുക, ട്രെയിൻ സമയക്രമം, യാത്രക്കാരുടെ സുരക്ഷ, സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, കുടിവെള്ളം, ടിക്കറ്റ് സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നിർദേശങ്ങൾ സമർപ്പിക്കുക എന്നിവയാണ് യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ പ്രധാന പ്രവർത്തനങ്ങൾ.

യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യങ്ങൾ റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനും വികസന നിർദേശങ്ങൾ ചർച്ചകളിലൂടെ മുന്നോട്ടുവെക്കാനും ഈ അംഗത്വം അവസരമൊരുക്കും. തീരുമാനങ്ങൾ നേരിട്ട് നടപ്പാക്കാനുള്ള അധികാരമില്ലെങ്കിലും യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് ഔദ്യോഗിക വേദിയിൽ ശബ്ദമുയർത്താനും പരിഹാരത്തിനായി സമ്മർദം ചെലുത്താനും അംഗത്തിന് സാധിക്കും.കൊയിലാണ്ടിയുടെ ദീർഘകാല റെയിൽവേ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ ഈ നിയമനം പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് കൊയിലാണ്ടിക്കാർ .
