
സംസ്ഥാനത്തെകുടുംബശ്രീ ജനകീയ ഹോട്ടലുകൾ അടച്ചു പൂട്ടൽ ഭീഷണിയിൽ
അരി സബ്സിഡി കൃത്യമായി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം
കോഴിക്കോട്: സംസ്ഥാനത്തെ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ അടച്ചു പൂട്ടൽ ഭീഷണിയിൽ. കഴിഞ്ഞ ആറുമാസത്തിനിടെ വിവിധ ജില്ലകളിലായി 38 ഹോട്ടലുകളാണ് പൂർണ്ണമായി അടച്ചത്. അരി സബ്സിഡി കൃത്യമായി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലുകളുടെ എണ്ണം കുറയുന്നു.2026 ഏപ്രിൽ ഒന്നിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് ആകെ 655 ജനകീയ ഹോട്ടലുകളാണ് ഉണ്ടായിരുന്നത്. എന്നാൽ മാസങ്ങൾ മാത്രം പിന്നിടുമ്പോൾ അത് 628 ആയി കുറഞ്ഞു. ഏപ്രിൽ ഒന്നിലെ ജില്ല തിരിച്ചുള്ള കണക്കുപ്രകാരം ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകൾ പ്രവർത്തിച്ചിരുന്നത് മലപ്പുറം ജില്ലയിലാണ്.. 97 എണ്ണം. കോഴിക്കോട് 80, പാലക്കാട് 74, തൃശൂർ 66 എന്നിങ്ങനെയാണ് കണക്കുകൾ. വയനാട്ടിലാണ് ഏറ്റവും കുറവ് ഹോട്ടലുകൾ ഉണ്ടായിരുന്നത്.16 എണ്ണം. ഏപ്രിൽ ഒന്നിന് ശേഷം വിവിധ ജില്ലകളിലായി ആകെ 38 ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം നിലച്ചു.

കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ഹോട്ടലുകൾ പ്രവർത്തനരഹിതമായത്.വ്യക്തിപരമായ കാരണങ്ങൾ കൊണ്ടോ മറ്റ് പ്രതിസന്ധികൾ കൊണ്ടോ സംരംഭകർ പ്രവർത്തനം നിർത്തിവെക്കാറുണ്ട്…എന്നാൽ തദ്ദേശ സ്ഥാപനത്തിന് കീഴിൽ വീണ്ടും സംരംഭങ്ങൾ പുനരാരംഭിക്കാൻ സാധ്യതയുള്ളതിനാൽ ഇവയെ പൂർണ്ണമായി അടച്ചുപൂട്ടിയതായി കണക്കാക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം ഒരു പെർമിറ്റിന് മാസം 600 കിലോഗ്രാം അരി സിവിൽ സപ്ലൈസിൽ നിന്നും 10.90 രൂപ നിരക്കിൽ ലഭിച്ചിരുന്നു. ഒരു പഞ്ചായത്തിൽ ഒന്നിൽ കൂടുതൽ ഹോട്ടലുകൾ ഉണ്ടെങ്കിൽ ഈ അരി തുല്യമായി വീതിച്ചു നൽകുകയാണ് പതിവ്. എന്നാൽ, 2026 മാർച്ച് 30 വരെ മാത്രമേ ജനകീയ ഹോട്ടലുകൾക്ക് ഇത്തരം സബ്സിഡി അരി ലഭിച്ചിരുന്നുള്ളൂ. ഇതും ഹോട്ടലുകൾ അടച്ചുപൂട്ടുന്നതിലേക്ക് എത്തിച്ചിട്ടുണ്ട്. സബ്സിഡി പ്രതിസന്ധി തുടർന്നാൽ കൂടുതൽ ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടാനും സാധ്യതയുണ്ട്
