
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടർന്നേക്കും
- മഴ കുറഞ്ഞതിന് പിന്നാലെ ചൂടും കൂടിയതോടെ വൈദ്യുതി ആവശ്യകതയിൽ 500 മുതൽ 600 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്.
തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടർന്നേക്കും. ഹ്രസ്വകാല കരാറിന് രണ്ടു തവണ ടെൻഡർ വിളിച്ചിട്ടും പീക്ക് സമയത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിയില്ല. സംസ്ഥാനത്ത് കടുത്ത ചൂടിൽ ജനം വലയുമ്പോൾ വൈദ്യുതി നിയന്ത്രണം ഇരുട്ടടിയാവുകയാണ്. മഴ കുറഞ്ഞതിന് പിന്നാലെ ചൂടും കൂടിയതോടെ വൈദ്യുതി ആവശ്യകതയിൽ 500 മുതൽ 600 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്.

നിയന്ത്രണ മുന്നറിപ്പായാണ് ഈ കണക്ക് കെഎസ്ഇബി പറയുന്നത്. കഴിഞ്ഞ വർഷം 80 ശതമാനായിരുന്നുവെങ്കിൽ അണക്കെട്ടുകളിൽ ഇപ്പോൾ 64 ശതമാനം വെള്ളം മാത്രമാമുള്ളത്. പ്രതീക്ഷിച്ച നീരൊഴുക്കുമില്ല. എന്നാൽ വൈദ്യുതി ഉപയോഗം 94 ദശലക്ഷം യൂണിറ്റെന്ന ഉയർന്ന നിലയിലുമാണ്. കഴിഞ്ഞ മേയിൽ അധിക വൈദ്യുതിക്കായി കെഎസ്ഇബി ടെൻഡർ വിളിച്ചിരുന്നു. ഈ മാസം പീക്ക് സമയത്ത് 400 മെഗാവാട്ടിനാണ് ടെൻഡർ വിളിച്ചത്. പക്ഷേ വില യൂണിറ്റിന് 12.98 പൈസയാണ്. യൂണിറ്റിന് പത്തു രൂപയെന്ന പരിധിയിയുള്ളതിനാൽ ജൂലൈ ഏഴിന് വീണ്ടും കരാർ വിളിച്ചു. പീക്ക് സമയത്ത് വൈദ്യുതി നൽകാൻ ഒരു കമ്പനിയും വന്നില്ല. പകലും രാത്രിയിലുമായി 200 മെഗാവാട്ട് ആവശ്യപ്പെട്ടപ്പോൾ 25 മെഗാവാട്ടിന് വാഗ്ദാനം വന്നു. യൂണിറ്റിന് 6.50 രൂപ. രാത്രി പന്ത്രണ്ട് മുതൽ രാവിലെ 5 വരെ 500 മെഗാവാട്ടിന് വിളിച്ചപ്പോൽ 100 മെഗാവാട്ടിന് വാഗ്ദാനമായി. പക്ഷേ യൂണിറ്റിന് 9.15 പൈസ. ഉയർന്ന നിരക്കാണ് ടെൻഡർ വന്നത്. ഇതിന് റഗുലേറ്ററി കമ്മീഷൻ അനുമതിയും വേണം. നിലവിൽ പിന്നീട് മടക്കി നൽകാമെന്ന് വാക്കിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങുന്നതിലാണ് വലിയ ക്ഷാമമില്ലാതെ പിടിച്ചു നിൽക്കാൻ കഴിയുന്നത്.
