സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ് സർക്കാർ ജി ആർ അനിൽ

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ് സർക്കാർ ജി ആർ അനിൽ

  • കഴിഞ്ഞ വർഷം വെള്ള കാർഡുകാർക്ക് 15 കിലോയും നീല കാർഡുകാർക്ക് 10കിലോയും അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ നൽകിയിരുന്നെങ്കിൽ ഇത്തവണ വെള്ള കാർഡുകാർക്ക് 7 കിലോയും നീല കാർഡുകാർക്ക് 3 കിലോയും മാത്രമാണ് നൽകിയതെന്നും വില കിലോയ്ക്ക് 26 രൂപയായി ഉയർത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടയം: സപ്ലൈകോ മുഖേനയുള്ള ഈ വർഷത്തെ ഓണച്ചന്ത കനത്ത പരാജയമാണെന്ന് മുൻ ഭക്ഷ്യമന്ത്രി ജി ആർ അനിൽ.കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ഓണച്ചന്തയുമായി താരതമ്യം ചെയ്യുമ്പോൾ യുഡിഎഫ് സർക്കാർ ഏറെ പിന്നിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അരി വിതരണത്തിൽ വൻ കുറവ് വരുത്തിയാണ് സർക്കാർ ഓണച്ചന്ത നടത്തിയതെന്ന് ജി ആർ അനിൽ കുറ്റപ്പെടുത്തി.കഴിഞ്ഞ വർഷം വെള്ള കാർഡുകാർക്ക് 15 കിലോയും നീല കാർഡുകാർക്ക് 10കിലോയും അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ നൽകിയിരുന്നെങ്കിൽ ഇത്തവണ വെള്ള കാർഡുകാർക്ക് 7 കിലോയും നീല കാർഡുകാർക്ക് 3 കിലോയും മാത്രമാണ് നൽകിയതെന്നും വില കിലോയ്ക്ക് 26 രൂപയായി ഉയർത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. അളവ് കുറയ്ക്കുകയും അതേസമയം വില വർദ്ധിപ്പിക്കുകയും ചെയ്യുന്നത് കേരള ചരിത്രത്തിൽ തന്നെ ഇതാദ്യമായാണെന്ന് ജി ആർ അനിൽ പറഞ്ഞു.എണ്ണയുടെയും മുളകിന്റെയും അളവിലും വെട്ടിക്കുറവ് വരുത്തിയതായി അദ്ദേഹം ആരോപിച്ചു. നേരത്തെ 500 ഗ്രാം വീതം നൽകിയിരുന്ന എണ്ണയും മുളകും ഇത്തവണ 250 ഗ്രാമായി കുറച്ചെന്നാണ് വിവരം.

ഉപഭോക്താക്കളുടെ എണ്ണത്തിലും വൻ ഇടിവുണ്ടായതായി ജി ആർ അനിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഓണക്കാലത്ത് 53 ലക്ഷം കുടുംബങ്ങൾ സപ്ലൈകോയിൽ നിന്നും 83 മുതൽ 84 ലക്ഷം വരെ കുടുംബങ്ങൾ റേഷൻ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങിയിരുന്നു. എന്നാൽ ഇത്തവണ സപ്ലൈകോയിൽനിന്ന് 40 ലക്ഷം കുടുംബങ്ങളും റേഷൻ കടകളിൽ നിന്ന് 71 ലക്ഷം കുടുംബങ്ങളും മാത്രമാണ് സാധനങ്ങൾ വാങ്ങിയത്.വിൽപ്പന കണക്കുകളിലും വൻ കുറവുണ്ടായതായി അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷം ആകെ 387 കോടി രൂപയുടെ വിൽപ്പന നടന്നപ്പോൾ അതിൽ 180 കോടി രൂപ സബ്സിഡി ഇനങ്ങളിൽ നിന്നായിരുന്നു.എന്നാൽ ഇത്തവണ സബ്‌സിഡി ഇനങ്ങളിൽ നിന്നുള്ള വിൽപ്പന ഏകദേശം 125 കോടി രൂപയായി കുറഞ്ഞു. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഉത്രട്ടാതി ദിവസം വരെ ഓണക്കിറ്റുകൾ വിതരണം ചെയ്‌തതിനെതിരെ ഉയർന്ന വിമർശനങ്ങളെയും ജി ആർ അനിൽ ന്യായീകരിച്ചു.വർഷാവസാനമായതിനാൽ കിറ്റ് വിതരണം വൈകിയെന്ന വിമർശനം ന്യായമല്ലെന്നും പാവപ്പെട്ട കുടുംബങ്ങൾക്ക് കിറ്റ് നിഷേധിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )