
സിഎംആർഎൽ-എക്സലോജിക് ഇടപാടുമായി ബന്ധപ്പെട്ട ടി.വീണയുടെ മൊഴികളിൽ വൈരുധ്യമുള്ളതായി ഇഡി
- എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്. വീണയെ അടുത്താഴ്ച വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം:സിഎംആർഎൽ-എക്സലോജിക് ഇടപാടുമായി ബന്ധപ്പെട്ട ടി.വീണയുടെ മൊഴികളിൽ വൈരുധ്യമുള്ളതായി എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്. വീണയെ അടുത്താഴ്ച വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളം ഇഡി വീണയെ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി എട്ട് മണിക്കാണ് അവസാനിച്ചത്. വീണയുടെ എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറും ഇഡി പരിശോധിച്ചിരുന്നു. മാസപ്പടി കേസിൽ തുടരന്വേഷണം ആവാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഇതിനുപിന്നാലെയാണ് വീണയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. അതേസമയം മാസപ്പടി കേസിലെ കണ്ടെത്തലുകൾ കേന്ദ്ര വിജിലൻസ് ഏജൻസികളുമായി പങ്കുവെക്കുന്നതിനെ കുറിച്ചുള്ള സാധ്യതകൾ ഇഡി പരിശോധിച്ചു വരികയാണ്.മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനുൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരിലേക്ക് അന്വേഷണം നീളുന്നുവെന്ന സൂചനകൾക്കിടയിലാണ് പുതിയ നീക്കം. ഇതുവഴി സംശയമുനയിലുള്ള കൂടുതൽ പേരെ അന്വേഷണത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരാനാവുമെന്നാണ് ഇഡി വിലയിരുത്തുന്നത്. വീണയുടെ ഉടമസ്ഥയിലുള്ള എക്സാലോജിക് കമ്പനിയും സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് കേസ്
