അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവയാണ് മുഖ്യമന്ത്രി വി.ഡി സതീശൻ;സർക്കാരിന്റേത് മുതലാളി സേവയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവയാണ് മുഖ്യമന്ത്രി വി.ഡി സതീശൻ;സർക്കാരിന്റേത് മുതലാളി സേവയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

  • അജ്ഞാതരായ സാമ്പത്തിക ശക്തികളാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനവും ഹെലികോപ്റ്ററുമെല്ലാം സ്പോൺസർ ചെയ്യുന്നത്. ഈ പ്രവൃത്തികൾ തൻ്റെ തൊപ്പിയിലെ തൂവലാണെന്ന് മുഖ്യമന്ത്രി പറയുമ്പോൾ പ്രബുദ്ധ കേരളം നാണിച്ചു പോകുകയാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ വിമർശനവുമായി സിപിഐ. പേരു വെളിപ്പെടുത്താൻ കഴിയാത്ത അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവയായി മുഖ്യമന്ത്രി വി.ഡി സതീശൻ മാറിയെന്നും സർക്കാരിന്റേത് മുതലാളി സേവയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. അജ്ഞാതരായ സാമ്പത്തിക ശക്തികളാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനവും ഹെലികോപ്റ്ററുമെല്ലാം സ്പോൺസർ ചെയ്യുന്നത്. ഈ പ്രവൃത്തികൾ തൻ്റെ തൊപ്പിയിലെ തൂവലാണെന്ന് മുഖ്യമന്ത്രി പറയുമ്പോൾ പ്രബുദ്ധ കേരളം നാണിച്ചു പോകുകയാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.മുതലാളി സേവയിൽ മുമ്പേ ഗമിക്കുന്ന മുഖ്യമന്ത്രിക്ക് പിന്നാലെയാണ് മറ്റു മന്ത്രിമാരും സഞ്ചരിക്കുന്നത്. സർക്കാരിന്റെ ആനുകൂല്യങ്ങളും മന്ത്രിമാർക്ക് സഞ്ചരിക്കാൻ സർക്കാർ നൽകുന്ന ഔദ്യോഗിക കാറുകളും ഷെഡ്ഡിൽ ഒതുക്കിവെച്ച ശേഷം പണപ്രഭുക്കളുടെ അത്യാഡംബര കാറുകൾക്കായി മന്ത്രിമാർ കാത്തിരിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കാണുന്നത്.


ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവർത്തിക്കേണ്ട സർക്കാർ വ്യവസായ പ്രമുഖരുടെ സൗജന്യങ്ങളെ ആശ്രയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ബിനോയ് വിശ്വം പ്രസ്താവനയിൽ വ്യക്തമാക്കി.മന്ത്രിമാർ വിദേശയാത്രകൾ നടത്തുമ്പോൾ പാലിക്കേണ്ട നിയമപരമായ നിബന്ധനകളും മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടോ എന്ന് അറിയാൻ ഓരോ പൗരനും അവകാശമുണ്ട്. പണക്കാരുടെ സൗജന്യം പറ്റുന്നത് സർക്കാരിന് ലാഭമുണ്ടാക്കാനാണെന്ന മന്ത്രിമാരുടെ വിചിത്രവാദം യുഡിഎഫിന്റെ ട്രേഡ് മാർക്കായി മാറിയിരിക്കുകയാണ്. പ്രശസ്തരാകാൻ തങ്ങൾക്ക് സൗജന്യങ്ങൾ തരാൻ ആഹ്വാനം ചെയ്യുന്ന മന്ത്രിമാരാണ് സതീശൻ സർക്കാരിൻ്റെ മുഖമുദ്ര.
ഇത്തരം പുതുയുഗ വിസ്‌മയങ്ങൾ നെഹ്റൂവിയൻ സോഷ്യലിസത്തിന്റെ പുതിയ രൂപമാണെന്ന ഭാവത്തിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്.ഇതിനെതിരെ ഗാന്ധി-നെഹ്റു പാരമ്പര്യമുള്ള യഥാർഥ കോൺഗ്രസുകാർ പോലും മൂക്കത്ത് വിരൽ വെയ്ക്കുകയാണ്. സതീശൻ സർക്കാരിന്റെ ഈ നാണംകെട്ട രീതികളെപ്പറ്റി ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനും എന്താണ് പറയാനുള്ളതെന്നും ബിനോയ് വിശ്വം ചോദിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )