
അധികാരമേറ്റതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങളുമായി വിജയ് സർക്കാർ
- ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന 717 ടാസ്മാക് മദ്യശാലകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടച്ചുപൂട്ടാൻ അദ്ദേഹം ഉത്തരവിട്ടു
ചെന്നൈ : തമിഴ്നാട്ടിൽ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം അധികാരമേറ്റതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയാണ്. മുഖ്യമന്ത്രിയായതിന് പിന്നാലെ വിജയ് എടുത്ത ആദ്യത്തെ പ്രധാന തീരുമാനങ്ങളിലൊന്നാണ് മദ്യശാലകൾക്കുള്ള നിയന്ത്രണം. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന 717 ടാസ്മാക് മദ്യശാലകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടച്ചുപൂട്ടാൻ അദ്ദേഹം ഉത്തരവിട്ടു. ഇതിൽ 276 എണ്ണം ആരാധനാലയങ്ങൾക്ക് അടുത്തും, 186 എണ്ണം വിദ്യാലയങ്ങൾക്ക് അടുത്തും, 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് സമീപവുമാണ് പ്രവർത്തിക്കുന്നത്. ഈ ഉത്തരവിന് പിന്നാലെയാണ് പാർട്ടി പ്രവർത്തകർക്ക്, ടിവികെയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ വഴി പ്രത്യേക നിർദേശം പാർട്ടി നേതൃത്വം നൽകിയിരിക്കുന്നത്.സർക്കാരിന്റെ ഈ തീരുമാനങ്ങളെ ആഘോഷിക്കുമ്പോൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് പാർട്ടി അണികൾക്ക് ടി.വി.കെ. കർശന നിർദ്ദേശം നൽകി.

പൊതുഗതാഗതത്തെ ബാധിക്കുന്ന തരത്തിലോ ജനങ്ങൾക്ക് തടസ്സമാകുന്ന തരത്തിലോ പാതയോരങ്ങളിൽ ബാനറുകളോ പോസ്റ്ററുകളോ സ്ഥാപിക്കരുത്. പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയിലുള്ള ആഘോഷങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്ന നേതൃത്വം, ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകുന്നു. തമിഴ്നാടിന്റെ ക്ഷേമത്തിനാണ് മുൻഗണനയെന്നും മുഖ്യമന്ത്രി ഏൽപ്പിച്ച ഉത്തരവാദിത്തം ജനങ്ങൾക്കായി വിനിയോഗിക്കുമെന്നും പാർട്ടി വ്യക്തമാക്കി. മദ്യനിയന്ത്രണത്തിനായുള്ള ദീർഘകാലമായുള്ള ആവശ്യത്തിനുള്ള ആദ്യപടിയായാണ് ടാസ്മാക് കേന്ദ്രങ്ങളുടെ എണ്ണം വെട്ടിക്കുറക്കുന്ന തീരുമാനം എടുത്തിരിക്കുന്നത്.
