
അന്നമാണ് കവിത, ഇനി കുരുന്നുകൾക്ക് വെളിച്ചവും
- 33 വർഷം മുമ്പ് എഴുതി പ്രസിദ്ധീകരിച്ച വരികളാണ് കേരള പാഠാവലിയിലിപ്പോൾ ഇടം പിടിച്ചിരിക്കുന്നത്
കോഴിക്കോട്: ജീവിതാനുഭവങ്ങളുടെ ചൂടിലും ചൂരിലുപ്പെട്ട് ജീവിതം കെട്ടിപ്പടുക്കുമ്പോൾ കവിതയെ മുറുകെ പിടിച്ചിരുന്നു സത്യചന്ദ്രൻ പൊയിൽക്കാവ്. 33 വർഷം മുമ്പ് എഴുതി പ്രസിദ്ധീകരിച്ച വരികളാണ് കേരള പാഠാവലിയിലിപ്പോൾ ഇടം പിടിച്ചിരിക്കുന്നത് ഇനിയാ കവിത ഏഴാം ക്ലാസിലെ കുട്ടികളും നുകരും. കുട്ടിക്കാലത്തിന്റെ മധുരമുള്ള ഓർമ്മകളാണ് കവിതയ്ക്കാധാരം.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യൂറിക്കയിലാണ് കവിത ആദ്യമായി അച്ചടിച്ച് വന്നത്. മലയാളത്തനിമയേയും ഭാഷയേയും പ്രകീർത്തിക്കുന്ന കവിത ഒരു അധ്യാപകൻ ആവശ്യപ്പെട്ടപ്പോഴാണ് എഴുതിയത് . ‘മലയാളം കേൾക്കാൻ വായോ.. മാമലകൾ കാണാൻ വായോ.. മഴ പെയ്യും നേരം പുഴയുടെ മയിലാട്ടം കാണാൻ വായോ.. എന്ന് തുടങ്ങുന്ന 12 വരി കവിത അതി മനോഹരമാണ്.
തന്റെ കവിത പാഠപുസ്തകത്തിൻ ഇടം പിടിച്ചത് വലിയ അംഗീകാരമാണെന്ന് സത്യചന്ദ്രൻ പറയുന്നു. ഒഎൻവി, ശ്രീകുമാരൻ തമ്പി, കുഞ്ഞുണ്ണി മാഷ് എന്നിവരുടെ കവിത അടങ്ങിയ മധുരം മലയാളത്തിൽ ഇടം പിടിച്ച വരികൾ കൂടിയാണിത്. വിജയ് യേശുദാസ് ആലപിച്ചതിലൂടെ മലയാളികളുടെ പ്രിയപ്പെട്ട വരികളായും ഇത് മാറി. പോർമുഖത്ത് നിൽക്കുമ്പോൾ നാട്ടുകാരനായ ഒരു സൈനികൻ ഈ വരികൾ കേൾക്കാൻ വേണ്ടി വിളിച്ചതിന്റെ ഈറനണിയുന്ന ഓർമകളും ഈ വരികൾക്കുണ്ട്.
ഇന്ന് മൂന്ന് സെന്റിലെ ഒറ്റമുറി വീട്ടിൽ ഭാര്യക്കൊപ്പം കഴിയുന്ന സത്യന് കൂട്ടായി 9 പൂച്ചകളുണ്ട്. ആകെ ആശ്രയമായ റേഷനരിയിൽ നല്ലൊരു പങ്ക് അവർക്കുള്ളതാണ്. വിശപ്പിന്റെ വിളിയിൽ കവിതയുംപേറി ചുടുപാതയിലൂടെ സഞ്ചരിച്ച സത്യന്റെ വരികൾ പേര്പോലെ സത്യസന്ധതയും തെളിച്ചവും അനുഭവങ്ങളുടെ ആഴങ്ങളിൽ നിന്നും ഉണ്ടായതാണ്. അതിജീവനത്തിനുള്ള ഒരേയൊരു വഴിയായിരുന്നു സത്യചന്ദ്രന് കവിതയെഴുത്ത്.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചതടക്കം ഇരുപത്തഞ്ചോളം കവിതാസമാഹാരങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ‘വൈകുന്നേരങ്ങളുടെ സമാഹാരം’ ആണ് അവസാനമായി പുറത്തിറങ്ങിയത്. വേലായുധപ്പണിക്കർ നാടിനെ നടുക്കിയ ജീവിതം, ഇടതുവശത്തെ ആകാശം എന്നിവ പുറത്തിറങ്ങാനിരിക്കുന്നു.
പൊയിൽക്കാവ് ഹൈസ്കൂളിലെ പഠനത്തിനിടെ 13-ാംവയസ്സിലാണ് സത്യചന്ദ്രൻ കവിതയെഴുതിത്തുടങ്ങിയത്.
കോഴിക്കോട് കളക്ടറായിരുന്ന കെ. ജയകുമാർ തന്റെ കവിതകൾ വായിച്ച് അഭിനന്ദിച്ചതും അവയിൽനിന്ന് അദ്ദേഹം തിരഞ്ഞെടുത്തയച്ചവ കലാകൗമുദിയിൽ അച്ചടിച്ചുവന്നതും കവിതയെഴുത്തിന് വലിയ പ്രചോദനമായതായി കവി ഓർക്കുന്നു . നടൻ കമൽഹാസനെക്കുറിച്ചെഴുതിയ കവിത അദ്ദേഹം വായിച്ചാസ്വദിച്ചതും അതെഴുതിയയാളെ കാണാൻ താത്പര്യം പ്രകടിപ്പിച്ചതും കവിത ആലേഖനം ചെയ്ത ശില്പം അദ്ദേഹത്തിന് സമ്മാനിച്ചതുമെല്ലാം ഭാഗ്യമാണെന്ന് സത്യചന്ദ്രൻ പറയുന്നു.