
അപകടാവസ്ഥയിൽ പൂളാടിക്കുന്ന് ജലസംഭരണി;മനുഷ്യാ-വകാശക്കമ്മിഷൻ കേസെടുത്തു
- മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു
കോഴിക്കോട്: അപകടാവസ്ഥയിൽ തുടരുന്ന പൂളാടിക്കുന്നിലെ ജലസംഭരണിയെ സംബന്ധിച്ച് വിശദമായ പരിശോധന നടത്തി ഏഴുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശക്കമ്മിഷൻ. ജല അതോറിറ്റി മലാപ്പറമ്പ് ഡിവിഷൻ എക്സി. എൻജിനിയർക്കാണ് കമ്മിഷൻ ആക്ടിങ് ചെയർപേഴ്സൺ കെ. ബൈജുനാഥ് നിർദേശം നൽകിയത്.
മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.40 വർഷം പഴക്കമുള്ള സംഭരണിയുടെ തൂണുകൾ ദ്രവിക്കുകയും ചുമരുകൾക്ക് വിള്ളൽ വീഴുകയും ചെയ്തിട്ടുണ്ട്. സമീപവാസികളുടെയും സമീപത്തെ സ്കൂളിലെ കുട്ടികളുടെയും ജീവന് ഭീഷണിയായ നിലയിലാണ് ജലസംഭരണിയുള്ളത്. 24-ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കാനിരിക്കുകയാണ്.
CATEGORIES News