
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ ലൈംഗിക പീഡന പരാതി
- സ്വത്ത് തർക്കവും കുടുംബ പ്രശ്‌നവുമാണ് പരാതിക്ക് പിന്നിലെന്ന് കൃഷ്ണകുമാർ പറയുന്നു.
പാലക്കാട് :രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങൾക്ക് പിന്നാലെ ബിജെപിയിൽ പീഡന പരാതി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെയാണ് പരാതി ഉയർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് പാലക്കാട് സ്വദേശിനി പരാതി നൽകിയത്.സ്വത്ത് തർക്കവും കുടുംബ പ്രശ്‌നവുമാണ് പരാതിക്ക് പിന്നിലെന്ന് കൃഷ്ണകുമാർ പറയുന്നു. പിന്നിൽ സന്ദീപ് വാര്യറാണെന്നു കൃഷ്ണകുമാർ ആരോപിക്കുന്നു. 2014 ലാണ് ആദ്യം പരാതി ഉയർന്നത്. അന്ന് കോടതി തള്ളിയ ആരോപണമാണെന്നും കൃഷ്ണകുമാർ വിശദീകരിക്കുന്നു.

കൃഷ്ണകുമാർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പാലക്കാട് സ്വദേശിനിയുടെ പരാതി. സി കൃഷ്ണകുമാറിനെതിരെ പരാതി ലഭിച്ച വിവരം രാജീവ് ചന്ദ്രശേഖറിൻ്റെ ഓഫീസ് സ്ഥിരീകരിച്ചു.പരിശോധിക്കാമെന്നായിരുന്നു രാജീവ് ചന്ദ്രശേഖർ പരാതിക്കാരിക്ക് നൽകിയ മറുപടി. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സി കൃഷ്ണ കുമാറിന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൃഷ്ണകുമാറിനെതിരെ പരാതി എത്തുന്നത്.
