
അരൂരിൽ ഡെങ്കിപ്പനി കൂടുന്നു; പരിശോധന നടത്തി
- ഡോക്‌ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, പഞ്ചായത്തിലെ ജീവനക്കാർ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് പരിശോധന സംഘത്തിലുള്ളത്
അരൂർ: മേഖലയിൽ ഡെങ്കിപ്പനി കൂടുന്നു. നൂറിലേറെ കേസുകളാണ് ഒന്നരമാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്‌തത്. ഡെങ്കിപ്പനി വ്യാപകമായതിനാൽ കലക്ടറുടെ നിർദേശ പ്രകാരം ഉദ്യോഗസ്ഥ സംഘം അരൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ട്. ഡോക്‌ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, പഞ്ചായത്തിലെ ജീവനക്കാർ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് പരിശോധന സംഘത്തിലുള്ളത്.
ചെമ്മീൻ പീലിങ് ഷെഡ്ഡുകൾ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. രണ്ട് ദിവസം കൊണ്ട് തന്നെ 60 ഓളം സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ട്. ഭൂരിഭാഗം സ്ഥലങ്ങളിലും മാലിന്യപ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. ആദ്യ ഘട്ടത്തിൽ സംഘം മാലിന്യത്തിന്റെയും മറ്റും ഫോട്ടോയെടുത്ത് രണ്ടുദിവസത്തിനുള്ളിൽ സംസ്കരിക്കാൻ നിർദേശിച്ച് നോട്ടീസ് നൽകും. മാലിന്യം ഇട്ടിരിക്കുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തിയ നോട്ടീസ് നൽകും.
മാലിന്യമുണ്ടെന്നും അത് നീക്കം ചെയ്യാമെന്നും പറഞ്ഞു സ്ഥാപനങ്ങൾ സാക്ഷ്യപത്രം നൽകണം. ശേഷം 48 മണിക്കൂറിനുള്ളിൽ ശുചീകരിക്കണം. സാക്ഷ്യപത്രം നൽകാത്ത സ്ഥാപനങ്ങളിൽ വീണ്ടും പരിശോധന നടത്തി, ഒരാഴ്ചക്കകം പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ നിയമ നടപടികളായി മുന്നോട്ടുപോകും.