
അവധിക്കാലത്ത് നീന്തൽ പഠിക്കാം
- ഇത്തവണ എല്ലാ വിദ്യാർഥികൾക്കും നീന്തൽപരിശീലനം നൽകുക എന്നതാണ് ലക്ഷ്യമെന്ന് പ്രധാനാധ്യാപിക സി.എസ്. സജിന പറഞ്ഞു.
പേരാമ്പ്ര : അവധിക്കാലം ഈ കുട്ടികൾക്ക് കളികളിൽമാത്രം തീർന്നുപോകില്ല. സുരക്ഷയുടെ പ്രധാന പാഠമാണ് ഇവർ ചെറുപ്രായത്തിൽ പരിശീലിക്കുന്നത്. ചെറുവണ്ണൂർ എഎൽപി സ്കൂളിന്റെ നേതൃത്വത്തിലാണ് മുഴുവൻ വിദ്യാർഥികളെയും അവധിക്കാലത്ത് നീന്തൽ പഠിപ്പിക്കാൻ വേറിട്ട പദ്ധതി നടപ്പാക്കിയത്. ഇതിനായി സ്കൂളിനോട് അനുബന്ധിച്ചുതന്നെ നീന്തൽക്കുളം നിർമിക്കാൻ മാനേജർ എം. രാജീവന്റെ നേതൃത്വത്തിൽ മുന്നിട്ടിറങ്ങി.
2021 മുതൽ എല്ലാ വർഷവും കുട്ടികളെ നീന്തൽ പഠിപ്പിക്കാനും തുടങ്ങി. കഴിഞ്ഞവർഷം സ്പോർട്സ് കൗൺസിലിൻ്റെ സഹകരണത്തോടെ നൂറോളം കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകി സർട്ടിഫിക്കറ്റും നൽകിയിരുന്നു. ഇത്തവണ എല്ലാ വിദ്യാർഥികൾക്കും നീന്തൽപരിശീലനം നൽകുക എന്നതാണ് ലക്ഷ്യമെന്ന് പ്രധാനാധ്യാപിക സി.എസ്. സജിന പറഞ്ഞു. അഗ്നിരക്ഷാസേന റിട്ട. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.സി. പ്രേമൻ ഉദ്ഘാടനം നിർവഹിച്ചു.
CATEGORIES News