
ആറുമാസമായി റേഷൻ വാങ്ങാത്ത ആറ് ലക്ഷത്തിലേറെ കുടുംബങ്ങളുടെ റേഷൻ കാർഡ് റദ്ദാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ
- റേഷൻ കാർഡ് റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കാൻ ഈ മാസം 31 വരെയാണ് സമയപരിധി
തിരുവനന്തപുരം: ആറുമാസമായി റേഷൻ വാങ്ങാത്ത ആറ് ലക്ഷത്തിലേറെ കുടുംബങ്ങളുടെ റേഷൻ കാർഡ് റദ്ദാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ. മുൻഗണനാ വിഭാഗത്തിലടക്കം ഉൾപ്പെട്ട റേഷൻ കാർഡുകൾ പൂർണമായി റദ്ദാക്കാതെ നീല, വെള്ള തുടങ്ങി മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. റേഷൻ കാർഡ് റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കാൻ ഈ മാസം 31 വരെയാണ് സമയപരിധി. ഇതിനിടെയാണ് നടപടികളിൽ ഇളവ് നൽകണം എന്നാവശ്യപ്പെട്ട് കേരളം വീണ്ടും കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.ഒരു രാജ്യം ഒരു റേഷൻ കാർഡ്’
പദ്ധതിയുടെ ഭാഗമായാണ് റേഷൻ ഡാറ്റാബേസ് പരിശോധിച്ചുള്ള കേന്ദ്ര സർക്കാരിന്റെ വെട്ടിനിരത്തൽ. ഓണക്കാലത്തടക്കം കഴിഞ്ഞ ആറുമാസമായി റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ റദ്ദ് ചെയ്യാനാണ് തീരുമാനം.

ഇതോടെ, ഏറ്റവും ദരിദ്ര വിഭാഗത്തിൽപ്പെട്ട മഞ്ഞ കാർഡുള്ള 5,370 കുടുംബങ്ങൾ ഉൾപ്പെടെ 44,279 കുടുംബങ്ങൾ സൗജന്യ റേഷൻ പട്ടികയിൽ നിന്ന് പുറത്താകും. ഇതിനുപുറമേ, ആറുമാസമായി റേഷൻ വാങ്ങാത്ത നീല, വെള്ള കാർഡുടമകളായ 5,62,494 കുടുംബങ്ങളും സംസ്ഥാനത്തെ റേഷൻ ഡാറ്റാബേസിൽ നിന്ന് പുറത്താക്കപ്പെടും. ആകെ 6,06,783 കുടുംബങ്ങളാണ് ഇത്തരത്തിൽ പുറത്താക്കുക. ഇതിനുള്ള സമയപരിധി ഈ മാസം 31-ന് അവസാനിക്കാനിരിക്കെയാണ് ഇളവ് ആവശ്യപ്പെട്ട് കേരളം വീണ്ടും കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.
