
എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും ഹൃദയപൂർവ്വം അഭിനന്ദിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
- . ഇത്തവണ കൈവരിച്ച 99.07 ശതമാനം വിജയം ഏറെ അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം : ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും ഹൃദയപൂർവ്വം അഭിനന്ദിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത്തവണ കൈവരിച്ച 99.07 ശതമാനം വിജയം ഏറെ അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ 30,516 മിടുക്കർക്ക് അദ്ദേഹം വലിയൊരു കൈയടിയും നൽകി.വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പതറാത്ത പരിശ്രമത്തിന്റെയും മനോഹരമായ ഫലമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. വിജയാഘോഷങ്ങൾക്കിടയിൽ പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം നേടാനാകാത്തവരും ഗ്രേഡ് കുറഞ്ഞുപോയവരും ആത്മവിശ്വാസം കൈവിടരുതെന്നും ഇതൊരു അവസാനമല്ല, പുതിയൊരു തുടക്കം മാത്രമാണെന്നും വി ശിവൻകുട്ടി ഓർമ്മിപ്പിച്ചു.

ഒരു പരീക്ഷാഫലം നിങ്ങളുടെ ജീവിതത്തിന്റെ മൂല്യം നിശ്ചയിക്കുന്നില്ല എന്ന തിരിച്ചറിവാണ് ഈ സമയത്ത് കുട്ടികൾക്ക് ഉണ്ടാകേണ്ടത്. ലോകത്തെ കീഴടക്കിയ പല മഹാന്മാരും ജീവിതത്തിൽ പരീക്ഷകളിൽ പരാജയപ്പെട്ടവരോ പിന്നിലായിപ്പോയവരോ ആയിരുന്നു എന്നത് മറക്കരുത്. ‘സേ’ പരീക്ഷയിലൂടെ ഈ വർഷം തന്നെ ഉപരിപഠനത്തിന് യോഗ്യത നേടാൻ സാധിക്കുമെന്നതിനാൽ ഒരല്പം കൂടി ശ്രദ്ധയോടെ പരിശ്രമിച്ചാൽ തീർച്ചയായും ലക്ഷ്യസ്ഥാനത്തെത്താൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു.
