
എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സുമായി വിദ്യാഭ്യാസ മന്ത്രി ഇന്ന് ചർച്ച നടത്തിയേക്കും
നിരാഹാര സമരം തുടരുന്ന വളർമതിയുടെ ആരോഗ്യാവസ്ഥ മുൻനിർത്തിയാണ് മധ്യസ്ഥശ്രമങ്ങൾ നടന്നത്
തിരുവനന്തപുരം: നിരാഹാര സമരം തുടരുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സുമായി വിദ്യാഭ്യാസ മന്ത്രി ഇന്ന് ചർച്ച നടത്തിയേക്കും. ഇന്നലെ നടന്ന മധ്യസ്ഥ നിക്കങ്ങൾ ഫലം കണ്ടതിനെ തുടർന്നാണ് സമരക്കാരുമായിചർച്ച നടത്താൻ സർക്കാർ സന്നദ്ധത അറിയിച്ചത്. നിരാഹാര സമരം തുടരുന്ന വളർമതിയുടെ ആരോഗ്യാവസ്ഥ മുൻനിർത്തിയാണ് മധ്യസ്ഥശ്രമങ്ങൾ നടന്നത്. എച്ച്ടിവി പോസ്റ്റ് ഉൾപ്പടെ സർക്കാർ അംഗീകരിക്കുന്ന കാര്യങ്ങളിൽ ഉത്തരവിറക്കുകയും അധ്യാപക അനുപാതം കുറക്കുന്നതിൽ ചില ഉറപ്പുകളും നൽകിയാൽ സമരം പിൻവലിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ആശുപത്രിയിലും നിരാഹാര സമരം തുടരുന്ന എൽപിഎസ്ടി ഉദ്യോഗാർഥി സമര നേതാവ് വളർമതിയുടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായതായി ഡോക്ടർമാർ. വീണ്ടും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വളർമതി ചികിത്സയോട് ഇതുവരെയും സഹകരിച്ചിട്ടില്ല. മരണംവരെ നിരാഹാരമിരിക്കുമെന്ന് സമരം ഏറ്റെടുത്ത എം. ജയകൃഷ്ണൻ പറഞ്ഞു. നൂറ്റിമുപ്പത്തിനാലാം ദിവസമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ സമരം തുടരുന്നത്
