
എൽ.പി.എസ്.ടി സമരം തീർക്കാൻ ഉദ്യോഗാർഥികളുമായി ഇന്ന് സർക്കാരിന്റെ ചർച്ച ഇന്ന്
- വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 138 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ സമരത്തിലാണ്.
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ എൽ.പി.എസ്.ടി സമരം പരിഹരിക്കുന്നതിനായി സർക്കാർ ഇന്ന് ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തും; മന്ത്രിസഭയും ഇന്ന് ഇക്കാര്യം ചർച്ച ചെയ്യും. സമരം ഒത്തുത്തീർപ്പാക്കാനുള്ള നിർണായക ചർച്ച ഇന്ന്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യും. വിദ്യാർഥി-അധ്യാപക അനുപാതം ഡിവിഷൻ ഫാൾ വരുന്ന സർക്കാർ സ്കൂളുകളിൽ മാത്രമായി കുറയ്ക്കുന്നതടക്കം പരിഗണിച്ചേക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 138 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ എൽ.പി. എസ്.ടി ഉദ്യോഗാർഥികൾ സമരത്തിലാണ്.

പ്രധാനപ്പെട്ട അഞ്ച് ആവശ്യങ്ങളിൽ നാലും സർക്കാർ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും അഞ്ചാമത്തെ ആവശ്യമായ വിദ്യാർഥി-അധ്യാപക അനുപാതം കുറക്കുന്നതിൽ ചർച്ച വഴിമുട്ടി. ഇതിന് പിന്നാലെ ഉദ്യോഗാർഥികൾ സമരം കടുപ്പിച്ചു.സമരസമിതി നേതാവ് വളർമതി തലമുണ്ഡനം ചെയ്ത് അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടന്നു. നിരാഹാര സമരം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ പൊലീസിനെ ഉപയോഗിച്ച് സമരം പൊളിക്കാൻ നീക്കമുണ്ടായി. പൊലീസെത്തി സമരപന്തൽ പൊളിച്ചു. വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. വളർമതിയുടെ ആരോഗ്യനില വഷളായതോടെ സർക്കാർ നിലപാട് മയപ്പെടുത്തി.
