
ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ്പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ്
- സംസ്ഥാനത്ത് പഴം, പച്ചക്കറി, പുഷ്പ കൃഷികൾ മികച്ച രീതിയിൽ മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ്പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ്. ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണിയിൽ ഫലപ്രദമായി ഇടപെടുന്നതിനുമായി സംസ്ഥാന സർക്കാർ 20 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമഗ്ര പച്ചക്കറി, പുഷ്പ ഉത്പാദന യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “ഓണത്തിനൊരുക്കാം, വിളവിന്റെ വിസ്മയം’ പച്ചക്കറി വിളവെടുപ്പ് സെക്രട്ടേറിയറ്റ് അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കൃഷിമന്ത്രി.

സംസ്ഥാനത്ത് പഴം, പച്ചക്കറി, പുഷ്പ കൃഷികൾ മികച്ച രീതിയിൽ മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു. പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനായി കൃഷിവകുപ്പ് സമഗ്ര പദ്ധതികൾ നടപ്പാക്കിവരികയാണ്. ‘കതിർ’, ‘കൃഷി സഖി’ തുടങ്ങിയ പദ്ധതികളും ഇതിൻ്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്. നാളികേര കർഷകരെ സഹായിക്കുന്നതിനായി സംസ്ഥാനത്ത് 100 കോടി രൂപയുടെ പ്രത്യേക നാളികേര പുനരുജ്ജീവന പദ്ധതി നടപ്പാക്കും.
