
കടലുണ്ടിക്കടവ് പാലം അപകടാവസ്ഥയിൽ
- പാലത്തിൽനിന്ന് കോൺക്രീറ്റ് കഷണങ്ങൾ അടർന്നുവീഴുന്നു
കടലുണ്ടി : കൂരിയാട് ആറുവരിപ്പാതയുടെ
തകർച്ചയെത്തുടർന്ന് വഴിതിരിച്ചുവിട്ട ഒട്ടേറെ വാഹനങ്ങൾ നിരന്തരം കടന്നുപോയതോടെ കടലുണ്ടിക്കടവ് റോഡ്‌പാലം വീണ്ടും അപകടാവസ്ഥയിലായി. പാലത്തിന്റെ 11, 12 സ്പാനുകളും ഗർഡറുകളും വിള്ളൽവീണ് ദ്രവിച്ചനിലയിലാണ്. കൂരിയാട്ടെ പ്രശ്നംമൂലം പാലംവഴി ബസും ലോറിയുമുൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് കടന്നുപോയിരുന്നത്. ഗർഡറിന്റെയും സ്‌പാനിൻ്റെയും കഷണങ്ങൾ ഇടയ്ക്കിടെ അടർന്നുവീഴുന്നതുമൂലമാണ് പാലത്തിന്റെ തകർച്ച വർധിച്ചത്.
നടപ്പാലവും പാലത്തിലെ റോഡും പലയിടത്തും തകർന്നിട്ടുണ്ട്. തകർച്ചയെത്തുടർന്ന് കഴിഞ്ഞദിവസംമുതലാണ് ഭാരവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്. ചെറുവാഹനങ്ങളെ മാത്രമാണ് കടത്തിവിടുന്നത്. മാസങ്ങളായി അടിയിലെ തേപ്പടർന്നും ദ്രവിച്ച് കമ്പിപുറത്തുചാടിയനിലയിലും അപകടാവസ്ഥയിലായിരുന്ന പാലമാണിത്. അന്ന് 10, 12 സ്പ്‌പാനുകളിലായിരുന്നു ബലക്ഷയം കണ്ടത്. തുടർന്ന് വള്ളിക്കുന്ന് എംഎൽഎ പി. അബ്‌ദുൾഹമീദിന്റെ ഫണ്ടിൽനിന്ന് 13 കോടി ചെലവിട്ട് പാലം ബലംകൂട്ടി പുനർനിർമിക്കുന്ന പദ്ധതിക്ക് നിർമാണ ടെൻഡർ ക്ഷണിച്ചിരുന്നു. അപേക്ഷനൽകേണ്ട സമയപരിധി ശനിയാഴ്ചയോടെ പൂർത്തിയായെന്നും വിദഗ്‌ധരുടെ നിർദേശാനുസരണം ബലംകൂട്ടുന്ന നടപടി ഉടൻ തുടങ്ങുമെന്നും എംഎൽഎയുടെ ഓഫീസ് അറിയിച്ചു.
അപകടാവസ്ഥ രൂക്ഷമായതിനെത്തുടർന്ന് മഞ്ചേരി (പാലങ്ങൾ വിഭാഗം) അസി.എക്സിക്യുട്ടീവ് എൻജിനിയർ വിനോദ് ചാലിലിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് (പാലങ്ങൾ) വിഭാഗം അധികൃതർ വെള്ളിയാഴ്ച പാലം പരിശോധിക്കാനെത്തിയിരുന്നു.
തകർച്ചയുടെ കാഠിന്യം ബോധ്യപ്പെട്ട് ഉദ്യോഗസ്ഥസംഘത്തിന്റെ നിർദേശാനുസരണമാണ് ഭാരവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്.
